കാര്‍ത്തിക് ആര്യന്റെ 'ക്യാപ്റ്റൻ ഇന്ത്യ'യെന്ന ചിത്രം നീട്ടിവയ്‍ക്കുന്നു.
ബോളിവുഡിലെ യുവ താരങ്ങളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനാണ് കാര്‍ത്തിക് ആര്യൻ. കാര്‍ത്തിക് ആര്യന്റേതായി ഒട്ടേറെ പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഹൻസാല്‍ മേത്തയുടെ സംവിധാനത്തിലുള്ളത്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ചിത്രത്തെ കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു ഹൻസല്‍ മേത്ത- കാര്‍ത്തിക് ആര്യൻ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. 'ക്യാപ്റ്റൻ ഇന്ത്യ' എന്നായിരുന്നു പേര്. ധൈര്യശാലിയായ ഒരു പൈലറ്റ് ആയിട്ട് ചിത്രത്തില്‍ കാര്‍ത്തിക് ആര്യൻ അഭിനയിക്കുക എന്നുമായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കാര്‍ത്തികും ഹൻസാലും മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ 'ക്യാപ്റ്റൻ ഇന്ത്യ' അനിശ്ചിതമായി നീട്ടിവയ്‍ക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.
'സത്യപ്രേം കി കഥ' എന്ന ചിത്രമാണ് കാര്‍ത്തിക് ആര്യന്റേതായി റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ഒന്ന്. സമീര്‍ വിദ്വാൻസിന്റെ സംവിധാനത്തിലുള്ളതാണ് ചിത്രം. ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുന്നത്. കെയ്‍റ അദ്വാനിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തിയറ്ററില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. 2023 ജൂണ്‍ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. അയനങ്ക ബോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'സത്യപ്രേം' എന്ന കഥാപാത്രമായിട്ടാണ് കാര്‍ത്തിക് ചിത്രത്തില്‍ അഭിനയിക്കുന്നത്. കെയ്‍ര അദ്വാനി 'കഥ ദേശായി'യെന്ന കഥാപാത്രമായിട്ടാണ് കാര്‍ത്തിക് ആര്യനൊപ്പം എത്തുന്നത്. 'സത്യപ്രേം കി കഥ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ആറിനാണ് പൂര്‍ത്തിയായത്.
ഹൻസാല്‍ മേഹ്തയുടെ സംവിധാനത്തില്‍ പൂര്‍ത്തിയായിരിക്കുന്ന ചിത്രം 'മര്‍ഡര്‍ മിസ്റ്ററി' ആണ്. കരീന കപൂറാണ് ചിത്രത്തിലെ നായിക. കരീന കപൂര്‍ തന്നെയാണ് നിര്‍മാണവും. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള ഒരു ചിത്രമാണ് 'മര്‍ഡര്‍ മിസ്റ്ററി'.
