സെപ്റ്റംബര്‍ 23ന് കേരള റിലീസ്

ഈ വര്‍ഷം ഇന്ത്യന്‍ സിനിമയിലെ തന്നെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നാണ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2. നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്‍ത ചിത്രം ഇതിനകം നേടിയ തിയറ്റര്‍ കളക്ഷന്‍ 120 കോടിയില്‍ അധികമാണ്. സമീപകാലത്ത് പല തെലുങ്ക് ചിത്രങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയുടെ തുടര്‍ച്ച പോലെ ഹിന്ദി പതിപ്പിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 30 കോടിയില്‍ അധികമാണ് നേടിയത്. കുറഞ്ഞ ബജറ്റില്‍ ഒരുങ്ങിയ ചിത്രം നേടിയ വമ്പന്‍ വിജയം ചലച്ചിത്ര മേഖലയെ അമ്പരപ്പിക്കുകയാണ്. ഏറ്റവുമൊടുവില്‍ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലേക്കും പ്രദര്‍ശനത്തിന് എത്തുകയാണ്. സെപ്റ്റംബര്‍ 23 ന് ആണ് കേരള റിലീസ്. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ.

മറ്റു ഭാഷകളിൽ ലഭിച്ച അതേ സ്വീകാര്യത ചിത്രത്തിന് കേരളത്തിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. മലയാളി താരം അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിൽ എത്തുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനായി അണിയറ പ്രവർത്തകർ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിച്ചു. അറിയാവുന്ന ഒരു ടീമായിരുന്നു സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നതെന്നും 2019ല്‍ താൻ സിനിമയുടെ ഭാഗമായെന്നും അനുപമ പരമേശ്വരന്‍ വ്യക്തമാക്കി. മുഗ്‍ധ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്കു വരെ ഒരേപോലെ ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് കാര്‍ത്തികേയ 2 ന്റെ പ്രത്യേകതയെന്ന് നിഖിൽ സിദ്ധാർഥ പറഞ്ഞു. 

ALSO READ : 'ആര്‍ആര്‍ആര്‍' അല്ല; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം

ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേര്‍ എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരും അഭിനയിച്ചിരിക്കുന്നു. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 2 ദശലക്ഷം ഡോളര്‍ ആയിരുന്നു വിദേശ കളക്ഷന്‍. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്‍ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ കാര്‍ത്തികേയയുടെ രണ്ടാം ഭാഗമാണ് ചിത്രം.