നാനി നായകനാകുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിന് പുറമേ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ തുടക്കമിട്ട് തെലുങ്കിലെ 'മഹാനടി'യിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടി. തെലുങ്കില്‍ ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്‍തുകൊണ്ടിരിക്കുന്ന കീര്‍ത്തി സുരേഷിന്റെ പുതിയ വേഷം 'ദസറ'യിലാണ്. നാനി നായകനാകുന്ന 'ദസറ'യിലെ കീര്‍ത്തി സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
'വെന്നെല' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷിന് ജന്മദിന ആശംസകള്‍ നേര്‍ന്നാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്രീകാന്ത ഒഡേലയാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.
കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.
'മാമന്നൻ' എന്ന തമിഴ് ചിത്രം കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'.
Read More: തിയറ്ററുകൾ ഭരിക്കാൻ 'ലക്കി സിംഗ്'എത്തുന്നു; 'മോൺസ്റ്റർ' ടിക്കറ്റ് ബുക്കിങ്ങിന് ആരംഭം
