ഒക്ടോബർ 21ന് മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍.
മോഹൻലാൽ ചിത്രം 'മോൺസ്റ്റർ' ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 'ബുക്ക് മൈ ഷോ'യിലൂടെ പ്രേക്ഷകർക്ക് മോൺസ്റ്റർ ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബർ 21നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം. പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്‍റെയും രചന. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ മലയാള സിനിമാസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
യു\എ സർട്ടിഫിക്കറ്റാണ് മോണ്‍സ്റ്ററിന്‍ ലഭിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവിട്ട ട്രെയിലറും പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.
ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.
ഒരുങ്ങുന്നത് മോഹൻലാലിന്റെ മാസ് എന്റർടെയ്നർ; 'എമ്പുരാന്' 2023 പകുതിയോടെ ആരംഭം ?
അതേസമയം, റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യത്തിനും ട്വല്‍ത്ത് മാനിനും ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തൃഷയാണ് നായികയായി എത്തുന്നത്. ഇത് കൂടാതെ വേറെയും ചിത്രങ്ങള്‍ മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാൻ, മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്നിവയാണ് അവ.
