'മരക്കാര്‍: അറബിക്കടലിന്റെ സിഹ'ത്തിലെ കീര്‍ത്തി സുരേഷിന്റെ  പോസ്റ്റര്‍ പുറത്തുവിട്ടു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിഹം (Marakkar Arabikadalinte Simham). മോഹൻലാല്‍ (Mohanlal) നായകനായ ചിത്രം ഒടിടിയിലേക്ക് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുകയും ഒടുവില്‍ ക്ലൈമാക്സില്‍ തിയറ്റര്‍ റിലീസ് തന്നെ ഉറപ്പിക്കുകയും ചെയ്‍തു. ഏറെക്കാലത്തിനുശേഷം മോഹൻലാല്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലുമാണ് എല്ലാവരും. പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

ആര്‍ച്ച എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും മരക്കാര്‍: അറബിക്കടലിന്റെ സിംഹം സ്വന്തമാക്കിയിരുന്നു. ഡിസംബർ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.