ജൂണ്‍ 23 ന് പ്രീമിയര്‍ ചെയ്യപ്പെട്ടുന്ന സിരീസ്

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ആദ്യ ഒറിജിനല്‍ സിരീസ് ആണ് കേരള ക്രൈം ഫയല്‍സ്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിട്ടുള്ള സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ഇതില്‍ ആദ്യ സീസണിന്‍റെ പേര്. ആദ്യ സീസണിന്‍റെ ട്രെയ്‍ലര്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 വേദിയില്‍ വച്ച് മോഹന്‍ലാല്‍ ആണ് പുറത്തിറക്കിയത്. ജൂണ്‍ 23 ന് പ്രീമിയര്‍ ചെയ്യപ്പെട്ടുന്ന സിരീസ് ഇപ്പോഴിതാ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ഐഎംഡിബി ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ഐഎംഡിബിയുടെ പ്രേക്ഷകര്‍ ഏറ്റുമധികം കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളുടെയും ഷോകളുടെയും ലിസ്റ്റിലാണ് കേരള ക്രൈം ഫയല്‍സ് ഇടംപിടിച്ചിരിക്കുന്നത്. ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് ഇത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് സിരീസിലെ ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണെന്ന് അണിയറക്കാരുടെ വാക്ക്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഹമ്മദ് കബീര്‍.

തിരക്കഥ ആഷിഖ് അയ്മര്‍, ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍.

ALSO READ : ഒടിടി റിലീസിന് ഒരാഴ്ച മുന്‍പ് '2018' തെലുങ്ക് പതിപ്പിന് യുഎസ് റിലീസ്; എത്തുന്നത് നൂറിലധികം തിയറ്ററുകളില്‍

Kerala Crime Files - Shiju, Parayil Veedu, Neendakara | Malayalam Official Trailer | 23 June