ആദ്യ ദിനത്തില്‍ മികച്ച പ്രതികരണമാണ് കേരളത്തിലെ ആദ്യ ഐമാക്സിന് ലഭിക്കുന്നത്

സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ലുലു മാളിലെ പിവിആര്‍ സൂപ്പര്‍പ്ലെക്സിലാണ് ഐമാക്സ് സ്ക്പീനിംഗ് തുടങ്ങിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ ആണ് ഉദ്ഘാടന ചിത്രം. ഡിസംബര്‍ 16 ന് അവതാറിന്‍റെ റിലീസ് ദിനത്തില്‍ തന്നെ തിരുവനന്തപുരത്തെ ഐമാക്സ് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അണിയറക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നടന്നില്ല. 

അതേസമയം റിലീസ് ദിനത്തില്‍ മികച്ച പ്രതികരണമാണ് കേരളത്തിലെ ആദ്യ ഐമാക്സിന് ലഭിക്കുന്നത്. അവതാര്‍ റിലീസ് ചെയ്തിട്ട് ദിവസങ്ങള്‍ ആയെങ്കിലും ചിത്രം ഐമാക്സില്‍ കാണാന്‍ സിനിമാപ്രേമികളുടെ തിരക്ക് അനുഭവപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ഞായറാഴ്ച വരെയുള്ള മിക്ക ഷോകള്‍ക്കും വലിയ തോതിലുള്ള ബുക്കിംഗ് ആണ് ലഭിക്കുന്നത്. 1230, 930, 830 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

Scroll to load tweet…
Scroll to load tweet…

കേരളത്തിലെ ആദ്യ ഐമാക്സ് തിരുവനന്തപുരം ലുലു മാളില്‍ വരുമെന്ന് സോഷ്യല്‍ മീഡിയയില്‍ വര്‍ഷങ്ങളായി പ്രചരണം ഉണ്ടായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഐമാക്സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയല്‍ ഒക്ടോബറില്‍ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. കേരളത്തില്‍ ഐമാക്സ് സ്ക്രീനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീതം തിരുവനന്തപുരവും കൊച്ചിയും സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം ലുലു മാളിലെ ഐമാക്സ് കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം അന്ന് അറിയിച്ചത്. കൊച്ചിയിലെ ഐമാക്സ് സാധ്യതകളും സംഘം കാര്യമായി പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സെന്‍റര്‍സ്ക്വയര്‍ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആര്‍ എന്നീ മള്‍ട്ടിപ്ലെക്സുകള്‍ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കൊച്ചിയും ഐമാക്സ് തിയറ്ററിന് പറ്റിയ നഗരമാണെന്നാണ് വിലയിരുത്തല്‍.

ALSO READ : പുതുവര്‍ഷത്തില്‍ മമ്മൂട്ടി വീണ്ടും പൊലീസ്; മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രം ജനുവരി 1 ന്

Scroll to load tweet…
Scroll to load tweet…

അതേസമയം ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അവതാര്‍ ദ് വേ ഓഫ് വാട്ടര്‍. ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് നിലവില്‍ അവതാര്‍. 2009 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 2019ല്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം എത്തിയതോടെ രണ്ടാം സ്ഥാനത്തേക്ക് മാറിയിരുന്നു. എന്നാല്‍ അവതാര്‍ 2 റിലീസിന് മുന്നോടിയായി ലോകമെമ്പാടും അവതാര്‍ റീ റിലീസ് ചെയ്യപ്പെട്ടു. 2021 മാര്‍ച്ചില്‍ ആയിരുന്നു ചൈനയിലെ റീ റിലീസ്. മികച്ച കളക്ഷനാണ് ചൈനീസ് റിലീസ് ചിത്രത്തിന് നേടിക്കൊടുത്തത്. ഇതേത്തുടര്‍ന്ന് എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ അവതാര്‍ വീണ്ടും ഒന്നാമതായി.