കോടതി പറഞ്ഞാല്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. പരാതിയില്ലാത്തത് കൊണ്ട് സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കും.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കോടതി പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സർക്കാർ. കോടതി പറഞ്ഞാല്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. പരാതിയില്ലാത്തത് കൊണ്ട് സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കും. സാക്ഷികളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്ന് കോടതിയില്‍ വാദമുയർത്തും. ഇരകൾ പരാതി നല്‍കിയാല്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സർക്കാർ നിലപാട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമ നയം ഉടന്‍ രൂപീകരിക്കുമെന്നാണ് സർക്കാർ പറയുന്നത്. നിയമനിർമ്മാണത്തിന്‍റെ ചർച്ചകളും ആരംഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും.

അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് കൊണ്ടാണ് മന്ത്രി സജി ചെറിയാന്‍റെ ആദ്യ പ്രതികരണം എത്തിയത്. ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്ത്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍, നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. 

Also Read: രഞ്ജിത്തിനെതിരായ ആരോപണം: 'ആക്ഷേപത്തില്‍ കേസെടുക്കില്ല'; പരാതി വരട്ടേയെന്ന് മന്ത്രി സജി ചെറിയാന്‍