തിരുവനന്തപുരം: റോസ്റ്റിംഗിന് പിന്നാലെ വെബ്‌സീരീയസുമായി കേരളപൊലീസ്. കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം. വെബ് സീരിസാണെങ്കിലും സംഗതി ഒട്ടും സീരിയസല്ല. കോപ്പ് എന്നാണ് പുത്തന്‍ പതിപ്പിന്റെ പേര്.

ആദ്യം പ്രമോ വീഡിയോ, പിന്നാലെ കുട്ടന്‍പിള്ളയുടെ റോസ്റ്റിംഗ്, ഏറ്റവും ഒടുവില്‍ വെബ് സീരീസ്, സൈബര്‍ ഇടങ്ങളിലെ പുത്തന്‍ ട്രെന്‍ഡുകള്‍ ഒന്നൊന്നായി കാക്കിവത്ക്കരിക്കുകയാണ് കേരള പൊലീസ്. കോപ്പിന്റെ ആദ്യ എപ്പിസോഡില്‍ കൊവിഡ് ബോധവത്ക്കരണത്തിനാണ് ഊന്നല്‍, ഡിസ്റ്റന്റ് മുക്കെന്നാണ് പേര്.

എഡിജിപ് മനോജ് എബ്രഹാമാണ് ആശയത്തിന് പിന്നില്‍. കണ്ണുരുട്ടലും മീശപിരിക്കലും ഒന്നും ഇല്ലാതെ അതാത് സമയത്തെ പ്രസ്‌ക്തമായ വിഷയങ്ങള്‍ ട്രോളിക്കൊണ്ടാകും ഓരോ എപ്പിസോഡും.

കുട്ടന്‍പിള്ളയെ ഇറക്കിയുള്ള റോസ്റ്റിംഗ് ആദ്യ ഘട്ടത്തില്‍ കൈപൊള്ളിയ പൊലീസ് രണ്ടാമത് പരിഷ്‌ക്കരിച്ച പതിപ്പുമായാണ് കളം പിടിച്ചത്. ഇപ്പോള്‍ വെബ്‌സീരിയസ് തുടങ്ങുമ്പോഴും സംഗതി പ്രഫഷണലാണ്. അണിയറയില്‍ മാത്രമാണ് പൊലീസുകാര്‍. ക്യാമറക്ക് മുന്നില്‍ ഷോട്ട് ഫിലിമുകളിലും സിനിമകളിലും ശ്രദ്ധ നേടിയ യുവ നടന്മാര്‍ക്കാണ് പ്രാധാന്യം. സാമൂഹമാധ്യമങ്ങളില്‍ ലൈക്കുകള്‍ വാരിക്കൂട്ടി ഡിസ്റ്റന്റ് മുക്ക് മുന്നേറുകയാണ്.