30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ച്, സംസ്ഥാന ചലച്ചിത്ര അക്കാദമി നാല് പുതിയ ഗ്രന്ഥങ്ങളും 'ചലച്ചിത്രസമീക്ഷ'യുടെ പ്രത്യേക പതിപ്പും പ്രസിദ്ധീകരിക്കുന്നു. 

തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്കെ) തിരിതെളിയുമ്പോൾ, വെള്ളിത്തിരയിലെ വിസ്മയങ്ങൾക്കൊപ്പം അറിവിന്റെയും ഓർമ്മകളുടെയും പുതിയ ലോകം തുറന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി. നാല് പുതിയ ഗ്രന്ഥങ്ങളും മുഖമാസികയായ 'ചലച്ചിത്രസമീക്ഷ'യുടെ പ്രത്യേക പതിപ്പുമാണ് മേളയോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുക. ചലച്ചിത്രമേളയുടെ ചരിത്രപരമായ നാഴികക്കല്ലുകളിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്രസമീക്ഷ പ്രത്യേക പതിപ്പ് വിപുലമായ ഉള്ളടക്കത്തോടെയാണ് ഇത്തവണ വായനക്കാരിലേക്ക് എത്തുന്നത്. അക്കാദമിയുടെ മുഖമാസികയുടെ ഈ പതിപ്പ് മേളയുടെ ഓർമ്മപ്പെടുത്തലായി ചലച്ചിത്രപ്രേമികൾക്ക് മുതൽക്കൂട്ടാകും.

പ്രസിദ്ധീകരിക്കുന്ന നാല് ഗ്രന്ഥങ്ങളിൽ പ്രമുഖ സംവിധായകൻ ഋത്വിക് ഘട്ടക്കിനുള്ള ആദരമാണ് ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിൽ, ഘട്ടക്കിന്റെ ചലച്ചിത്ര ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ച് സി എസ് വെങ്കിടേശ്വരൻ രചിച്ച 'കത്തിയെരിയുന്ന ലോകം- ഘട്ടക്കിന്റെ ജീവിതവും കാലവും' എന്ന ഗ്രന്ഥം മേളയിൽ പ്രകാശനം ചെയ്യും. ലോകസിനിമയിലെ വിപ്ലവകരമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച ഘട്ടക്കിന്റെ സംഭാവനകളെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ സിനിമാ ജീവിതത്തിലെ സംഭാവനകൾ രേഖപ്പെടുത്തിയ, സജീവ് പാഴൂർ എഡിറ്റ് ചെയ്ത 'കരുണയുടെ ക്യാമറ' എന്ന പുസ്തകവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഷാജി എൻ കരുൺ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ദൃശ്യാനുഭവങ്ങളെക്കുറിച്ച് വിശദമായി ഈ പുസ്തകം ചർച്ച ചെയ്യുന്നു.

അരനൂറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥിനെക്കുറിച്ചുള്ള 'തണൽ' എന്ന പുസ്തകവും ഇതോടൊപ്പം പുറത്തിറങ്ങും. അലക്‌സ് വള്ളികുന്നം തയാറാക്കിയ ഈ ഗ്രന്ഥം, രാജീവ് നാഥിന്റെ സംവിധാന ശൈലിയും വ്യക്തിപരമായ കാഴ്ചപ്പാടുകളും വായനക്കാർക്ക് മുന്നിൽ എത്തിക്കുന്നു. ശബ്ദസംവിധാനരംഗത്തെ അതുല്യ പ്രതിഭയായ ടി കൃഷ്ണനുണ്ണിയുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെക്കുന്ന 'ശബ്ദേന്ദ്രജാലം' എന്ന പുസ്തകമാണ് പ്രസിദ്ധീകരിക്കുന്ന മറ്റൊരു പ്രധാന കൃതി. ചലച്ചിത്രങ്ങളിൽ ശബ്ദം വഹിക്കുന്ന നിർണ്ണായകമായ പങ്കിനെക്കുറിച്ചും സാങ്കേതികമായ വശങ്ങളെക്കുറിച്ചുമുള്ള കൃഷ്ണനുണ്ണിയുടെ അനുഭവങ്ങളും അറിവുകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

'കരുണയുടെ ക്യാമറ', 'തണൽ', ചലച്ചിത്രസമീക്ഷ പ്രത്യേക പതിപ്പ് എന്നിവ മേളയുടെ ഉദ്ഘാടന ചടങ്ങിൽ പ്രകാശനം ചെയ്യും. ചലച്ചിത്രമേളയുടെ അവിഭാജ്യ ഘടകമായ അക്കാദമിയുടെ പുസ്തക പ്രകാശനത്തിലൂടെ, ചലച്ചിത്ര പഠനത്തിന് പുതിയ ദിശാബോധം നൽകാനും മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളെ അടുത്തറിയാനും ചലച്ചിത്രപ്രേമികൾക്ക് സാധിക്കും.

Asianet News Live | Malayalam News Live | Breaking News Live | Kerala News | Actress assault Case