142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്
സിനിമാമേഖലയെ സംബന്ധിച്ച് കൊവിഡില്‍ നേരിട്ട പ്രതിസന്ധി തുടര്‍ന്ന വര്‍ഷമായിരുന്നു 2021. പല മാസങ്ങളിലും തിയറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ സിനിമകള്‍ക്ക് ജീവശ്വാസമായത് ഒടിടി പ്ലാറ്റ്ഫോമുകള്‍ ആയിരുന്നു. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ (State Film Awards 2022) പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. 142 സിനിമകള്‍ മത്സരത്തിനെത്തിയതില്‍ നിന്നും 45ഓളം ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം ചിത്രങ്ങള്‍ ഇത്തവണയുണ്ട്. അതില്‍ മികവുറ്റ പ്രകടനങ്ങളുമുണ്ട്. അതില്‍ പലരും മുന്‍പ് സംസ്ഥാന പുരസ്‍കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ്.
അവാര്‍ഡിന് മത്സരിക്കുന്നവയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, സുരേഷ് ഗോപി എന്നിവരുടെയൊക്കെ ചിത്രങ്ങളുണ്ട്. ദൃശ്യം 2 ആണ് മോഹന്‍ലാലിന്‍റെ ചിത്രം. വണ്‍, ദ് പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം, ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, നിവിന്‍ പോളി എന്നിവരൊക്കെയുണ്ട്. ഹോം ആണ് ഇന്ദ്രന്‍സിന്‍റെ ചിത്രം. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പിന്‍റെ വിഷമത നേരിടുന്ന മധ്യവര്‍ഗ്ഗ കടുംബനാഥനായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്.
'എമ്പുരാൻ' തിരക്കഥ പൂര്‍ത്തിയായി, മുരളി ഗോപിയുടെ ഫോട്ടോയ്‍ക്ക് കമന്റുമായി പൃഥിരാജ്
കാണെക്കാണെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രം. ഗൌരവമുള്ള കഥാപാത്രങ്ങളില്‍ സ്ഥിരം ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സുരാജിന്‍റെ മറ്റൊരു ശ്രദ്ധേയ പ്രകടനമായിരുന്നു ബോബി- സഞ്ജയ് രചന നിര്‍വ്വഹിച്ച ചിത്രത്തിലെ പ്രായമുള്ള ഈ കഥാപാത്രം. മിന്നല്‍ മുരളി, കള, കാണെക്കാണെ എന്നീ ചിത്രങ്ങളാണ് ടൊവീനോ തോമസിന്റേതായി ഉള്ളത്. മൂന്നും മൂന്നു തരത്തിലുള്ള കഥാപാത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം ടൊവീനോയെപ്പോലെ ഇത്രയും വൈവിധ്യമുള്ള ഒരു ഫിലിമോഗ്രഫി മലയാളത്തില്‍ മറ്റൊരു നടനുമില്ല. മിന്നല്‍ മുരളിയിലെ തന്നെ പ്രതിനായകനെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ പ്രകടനങ്ങളില്‍ ഒന്നാണ്.
ALSO READ : 'ഇന്ത്യൻ 2' വരും; ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് കമൽഹാസൻ
ജോജിയാണ് ഫഹദ് ഫാസില്‍ ചിത്രം. ദിലീഷ് പോത്തനൊപ്പമുള്ള തന്‍റെ വിന്നിംഗ് കോമ്പിനേഷന്‍ തുടര്‍ന്ന ഫഹദിന്‍റെ പ്രകടനം, ചിത്രം ആമസോണ്‍ പ്രൈമിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നതിനാല്‍ ഭാഷാതീതമായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കനകം കാമിനി കലഹം ആണ് നിവിന്‍ പോളി ചിത്രം. നിവിനിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രം അല്ലെങ്കില്‍പ്പോലും അദ്ദേഹത്തിലെ അഭിനേതാവിന്‍റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു ചിത്രത്തിലെ എക്സ്ട്രാ നടനായ പവിത്രന്‍. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ജോജു ജോര്‍ജ്, സൌബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരുടെയൊക്കെ ചിത്രങ്ങള്‍ മത്സരരംഗത്തുണ്ട്.
