ആടുജീവിതത്തെ മറികടന്ന് കാതല്‍ മികച്ച സിനിമയായത് എങ്ങനെ?.

മമ്മൂട്ടി നായകനായ കാതലാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. കാതലിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡിനും മമ്മൂട്ടി പരിഗണിക്കപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ആടുജീവിത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് പൃഥ്വിരാജിന് ലഭിച്ചു. എന്നാല്‍ ആടുജീവിതത്തോട് ഏറ്റുമുട്ടി മികച്ച ചിത്രമായിരിക്കുകയാണ് കാതല്‍ എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്.

കടുത്ത മത്സരമായിരുന്നു 2023ലെ ചലച്ചിത്ര അവാര്‍ഡിനായി നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023ല്‍ സെൻസര്‍ ചെയ്‍ത ചിത്രങ്ങളായിരുന്നു അവാര്‍ഡിനായി 2024ല്‍ പരിഗണിച്ചത്. ഒട്ടേറെ വൈവിധ്യവും കാമ്പുള്ളതുമായ മലയാള ചിത്രങ്ങളാണ് 2023ല്‍ പ്രദര്‍ശനത്തിന് എത്തുകയും ചെയ്‍തത്. അതിനാല്‍ പോരാട്ടം കടുക്കുമെന്ന് ഉറപ്പായിരുന്നു. ഒടുവില്‍ ഇന്ന് സംസ്ഥാന ജൂറി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വലിയ സസ്‍പെൻസുകള്‍ ഇല്ല. ഏറെക്കുറേ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളാണ് അവാര്‍ഡിനായി അര്‍ഹമായത്. അര്‍ഹിക്കുന്ന അംഗീകാരം കേരളം അതാത് സിനിമകള്‍ക്ക് നല്‍കി എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്.

പരമ്പരാഗത മാനുഷികബന്ധങ്ങൾക്കതീതമായി, മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെ അതിസൂക്ഷ്മമായും ധ്വനിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്‍കരത്തിനാണ് കാതലിന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കുന്നത് എന്ന് സംസ്ഥാന ജൂറി നിരീക്ഷിച്ചു. നിർമ്മാതാവിന് 2,00,000/- രൂപയും ശില്‍പവും പ്രശസ്‍തിപത്രവും സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്‍തിപത്രവും ലഭിക്കും. കാതലിന്റെ നിര്‍മാതാവും മമ്മൂട്ടിയാണ്. സംവിധാനം ജിയോ ബേബിയാണ്.

ആടുജീവിതം മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു. ആടുജീവിതത്തിലൂടെ ബ്ലസ്സി മികച്ച സംവിധായകനുള്ള അവാര്‍ഡും നേടി. ആടുജീവിതത്തിനാണ് മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള അവാര്‍ഡും ലഭിച്ചത്. കാതലിലൂടെ സുധി കോഴിക്കോടിന് നടനുള്ള അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

Read More: തങ്കലാൻ പ്രമോഷൻ ഉപേക്ഷിച്ചു, എന്നിട്ടും കളക്ഷൻ ഞെട്ടിക്കുന്നത്, കേരളത്തില്‍ റിലീസിന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക