പുതിയ റെക്കോര്‍ഡുകള്‍ രചിച്ച്  സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ. യുട്യൂബില്‍ ഏറ്റവും വേഗത്തില്‍ ആദ്യമായി നൂറ് മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കുന്ന ടീസറായി മാറിയിരിക്കുകയാണ് ഇത്. 6 മില്യണ്‍ ലൈക്കുകളും നാലര ലക്ഷത്തോളം കമന്റുകളുമാണ് ടീസറിന് ഇതിനോടകം ലഭിച്ചത്. നായകന്‍ യഷിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ചായിരുന്നു ടീസര്‍ പുറത്തിറക്കിയത്.

ടീസർ പുറത്തുവിട്ടപ്പോൾ തന്നെ  സമൂഹമാധ്യമങ്ങളിൽ റോക്കിഭായ് തരം​ഗം ഉയർന്നിരുന്നു. ആരാധകർ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ തങ്ങളെ നിരാശപ്പെടുത്തിയില്ലെന്നാണ് ഉയരുന്ന അഭിപ്രായം. ജനുവരി ഏഴിനാണ് കാത്തിരിപ്പുകള്‍ക്ക് ഒടുവിൽ കെജിഎഫ് 2ന്റെ ടീസർ റിലീസ് ചെയ്തത്. ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ ലീക്ക് ആയതിന് പിന്നാലെ ഒഫീഷ്യല്‍ ടീസര്‍ അണിയറക്കാർ പുറത്തിറക്കുകയായിരുന്നു. 

യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസറിലെ ഹൈലൈറ്റ്. തോക്കുകള്‍ തീ തുപ്പുമ്പോള്‍ പറക്കുന്ന ജീപ്പുകളും, മെഷിന്‍ ഗണ്‍ ലൈറ്ററാക്കിയുള്ള റോക്കിയുടെ വരവുമെല്ലാം ടീസര്‍ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് 'കെജിഎഫ്'. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ കാന്‍സര്‍ രോഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സഞ്ജയ് ദത്ത് ചികിത്സയ്ക്കുവേണ്ടി ചിത്രീകരണത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. തെന്നിന്ത്യയിൽ ആകെ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.