തല്ലുമാലയുടെ വമ്പൻ വിജയത്തിന് പിന്നാലെ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്ന സന്തോഷത്തിലാണ് സിനിമാസ്വാദകരും. 

'ലവ്,തല്ലുമാല' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാനും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'ലവിന്റെയും തല്ലുമാലയുടെയും സൂപ്പര്‍ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും', എന്നാണ് ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് കുറിച്ചത്. തല്ലുമാലയുടെ വമ്പൻ വിജയത്തിന് പിന്നാലെ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്ന സന്തോഷത്തിലാണ് സിനിമാസ്വാദകരും. 

ലവ് എന്ന ചിത്രമാണ് ഈ കോമ്പോയിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സുധി കോപ്പ, ജോണി ആന്റണി എന്നിവരും ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരുന്നു. ഖാലിദ് റഹ്മാന്‍, നൗഫല്‍ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 

ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തിയത്. തിയറ്റര്‍ വിജയത്തിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോഴും ചിത്രം വൻ തരം​ഗം തീർത്തിരുന്നു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. 

നിമിഷയ്ക്ക് പകരം ഐശ്വര്യ; 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ' തമിഴ് റീമേക്ക് ട്രെയിലർ