Asianet News MalayalamAsianet News Malayalam

വാരിസില്‍ ഖുശ്ബു എവിടെ?; വിജയ് പുകഴ്ത്തി പറഞ്ഞിട്ടും വെട്ടി മാറ്റി.!

ഇടക്കാലത്ത് ഖുശ്ബു വാരിസിലെ റോള്‍ സംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ നടി സുഹാസിനിയുമായി നടത്തിയ അഭിമുഖത്തില്‍ വാരിസിലെ വിജയിയുടെ പ്രകടനം അടക്കം ഖുശ്ബു പുകഴ്ത്തി.

Khushbu Sundar Scenes Get Chopped Off Vijay Movie Varisu
Author
First Published Jan 12, 2023, 11:30 AM IST

ചെന്നൈ: വിജയ് നായകനായ വാരിസ് കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ചിത്രം ഇതിനകം തന്നെ മികച്ച ഇനീഷ്യല്‍ നേടിയെന്നാണ് വിവരം. എന്നാല്‍ അതിനിടിയിലാണ് പുതിയ വിവാദം തലപൊക്കുന്നത്. സിനിമ കണ്ട പ്രേക്ഷകര്‍ ആരും ഖുശ്ബുവിനെ കണ്ടില്ല. ചിത്രത്തില്‍ ചെറിയ വേഷം ചെയ്തതിന് നടന്‍ വിജയ് തന്നെ നേരിട്ട് ഓഡിയോ ലോഞ്ചിനിടെ നന്ദി പറഞ്ഞ നടി തീയറ്ററില്‍ കാണിച്ച സിനിമയില്‍ എവിടെയും ഇല്ല. 

സിനിമയില്‍ നായികയായ രശ്മിക മന്ദാനയുടെ അമ്മ റോളിലായിരുന്നു ഖുശ്ബു അഭിനയിച്ചത് എന്നായിരുന്നു അണിയറയിലെ സംസാരം. എന്നാല്‍ സ്ക്രീനില്‍ ഈ കഥാപാത്രം ഇല്ല. നേരത്തെ വാരിസ് ലോക്കേഷനില്‍ നിന്നും രശ്മികയും, വിജയിയും, ഖുശ്ബുവും സെല്‍ഫി എടുക്കുന്ന ചിത്രം വൈറലായിരുന്നു. വാരിസ് അണിയറക്കാര്‍ തന്നെ ഇത് പ്രമോഷന്‍ ഇനമായി ഉപയോഗിച്ചിരുന്നു.

ഇടക്കാലത്ത് ഖുശ്ബു വാരിസിലെ റോള്‍ സംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ നടി സുഹാസിനിയുമായി നടത്തിയ അഭിമുഖത്തില്‍ വാരിസിലെ വിജയിയുടെ പ്രകടനം അടക്കം ഖുശ്ബു പുകഴ്ത്തി. അതിന് പിന്നാലെ വാരിസ് ഓഡിയോ ലോഞ്ചിംഗ് വേളയിലെ വിജയിയുടെ നന്ദി കൂടി എത്തിയതോടെ ഖുശ്ബു വാരിസില്‍ ഉണ്ടെന്ന് ആരാധകര്‍ ഉറപ്പിച്ചു.

എന്നാല്‍ ഇന്നലെ റിലീസായ ചിത്രത്തില്‍ ഖുശ്ബുവിനെ എവിടെയും ആരാധകര്‍ കണ്ടില്ല. അതേ സമയം ഖുശ്ബുവിന്‍റെ റോള്‍ വെട്ടിയത് എന്തിന് എന്ന് ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചിത്രത്തിന്‍റെ നീളം മൂന്ന് മണിക്കൂറില്‍ ഏറെയായിരുന്നെന്നും. അവസാന നിമിഷം നടത്തിയ എഡിറ്റിംഗിലാണ് പല രംഗങ്ങളും ഒഴിവാക്കിയതെന്നും. ഇത്തരത്തില്‍ ചിത്രം 170 മിനുട്ടായി ചുരുക്കിയപ്പോള്‍ ഖുശ്ബുവിന്‍റെ രംഗം വെട്ടിയെന്നുമാണ് ചില കോളിവുഡ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പല ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഖുശ്ബുവിന്‍റെ വാരിസിലെ തിരോധാനം ചര്‍ച്ചയാക്കുന്നുണ്ട്. ഖുശ്ബുവിന്‍റെ റോള്‍ എന്തുകൊണ്ട് വെട്ടികളഞ്ഞു എന്ന് അറിയാനുള്ള ആകാംക്ഷ പലരും പങ്കുവയ്ക്കുന്നുണ്ട്. ഡിലീറ്റഡ് സീന്‍ ആയി പുറത്തുവിടാന്‍ ആയിരിക്കാം എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

അതേ സമയം കോളിവുഡ് ബോക്സ് ഓഫീസില്‍ ആദ്യ ദിനം മികച്ച പ്രകടനം വാരിസ് നടത്തിയെന്നാണ് വിവരം. ഏതാണ്ട് 20 കോടിക്ക് അടുത്താണ് വാരിസ് ഒന്നാം ദിനം നേടിയത്. ഒരു ഫാമിലി ആക്ഷന്‍ ചിത്രം എന്ന നിലയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ച് മികച്ച പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. 

ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

തുനിവും വാരിസും ആദ്യ ദിനത്തില്‍ ബോക്സ് ഓഫീസ് പിടിച്ചുകുലുക്കിയോ?; കണക്കുകള്‍ ഇങ്ങനെ.!

വിജയ്‌യുടെ സിനിമയ്ക്ക് പുലർച്ചെ തിയറ്ററിലെത്തി ശോഭ; 'ഉങ്കളോടെ സൺ വേറെ ലെവൽ മാ' എന്ന് ആരാധകർ

Follow Us:
Download App:
  • android
  • ios