'കണ്ണൻ ഭായിയെ ഇങ്ങേര് കൊന്നേനെ'; 'കിരീടം' കലിപ്പന് പിന്നാലെ മറ്റൊരു കലിപ്പൻ !
ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ തരംഗമായൊരു കലിപ്പനുണ്ട്. 'കിരീടം' എന്ന എവർഗ്രീൻ സുപ്പർ ഹിറ്റ് ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തലുള്ള ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ആയിരുന്നു ഇത്. സിനിഫിലേ എന്ന ഗ്രൂപ്പിലൂടെ ഇദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. സാലു ജസ്റ്റസ് എന്ന ഇദ്ദേഹം ഇപ്പോൾ ഹെഡ്മാസ്റ്ററായി ജോലി നോക്കുകയാണ്. അത്തരത്തിൽ മറ്റൊരു കലിപ്പനെയാണ് സോഷ്യൽ മീഡിയ ഇപ്പോള്‍ തിരയുന്നത്.
ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്തയിലേതാണ് ഈ ആർട്ടിസ്റ്റ്. കണ്ണൻ ഭായിയും കൊത്ത രാജുവും നേർക്കുനേർ എത്തിയ സീനിൽ പുറകിലായാണ് ഇദ്ദേഹം നിൽക്കുന്നത്. വില്ലന്മാരോട് കൊത്തയിൽ നിന്നും പോകാൻ ആവശ്യപ്പെടുന്ന രംഗത്തിലെ ഈ ആർട്ടിസ്റ്റിന്റെ ശൗര്യം കണ്ടാൽ 'കണ്ണൻ ഭായിയെ ഇങ്ങേര് കൊന്നേനെ' എന്ന് തോന്നും എന്നാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ. ഇയാളെ കണ്ടെത്തണമെന്ന ആവശ്യം സിനിമാ ഗ്രൂപ്പുകളിൽ നിറയുകയാണ്.
"പടത്തിലെ ഏറ്റവും മാസ്സ് സീൻ നോക്കി വേറെ എവിടെയും പോകേണ്ട... കൊത്ത രാജുവും കണ്ണൻ ഭായിയും കൊത്ത മഞ്ജുവുമൊക്കെ രണ്ടടി മാറി നിക്കട്ടെ.. ഇനി ഈ കൊത്ത ഈ ചേട്ടൻ ഭരിക്കും...കിരീടത്തിലെ ചേട്ടനെ കണ്ടുപിടിച്ചതുപോലെ ഈ ബ്രോയെ നമുക്ക് കണ്ടുപിടിക്കണം, വില്ലന്മാരോട് തിരിച്ചു പോകാൻ പറയുന്ന ജനക്കൂട്ടം. പക്ഷേ ആ കൂട്ടത്തിൽ ഇത്രയും ശൗര്യം വേറെ ആരുടെ മുഖത്തും കണ്ടില്ല. കിരീടത്തിൽ കണ്ടതിലും കുറച്ചു മേലെ നിക്കുന്ന പ്രകടനം ആരാണാവോ ഈ ജൂനിയർ താരം", എന്നിങ്ങനെ പോകുന്നു പോസ്റ്റുകൾക്ക് വരുന്ന കമന്റുകൾ.
ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാനൊപ്പം ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ആയിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..