Asianet News MalayalamAsianet News Malayalam

റാണിയുടെ ശരീരത്തില്‍ കുടിയേറിയ ഷെഫ്, 'മിസ്റ്റര്‍ ക്വീൻ' റിവ്യു

'മിസ്റ്റര്‍ ക്വീനി'ന്റെ ജനപ്രീതിക്ക് പിന്നില്‍-   പി ആര്‍ വന്ദന എഴുതുന്നു.

 

Korean Drama Mr Queen review
Author
First Published Aug 26, 2022, 4:10 PM IST

ആത്മാക്കൾ പരസ്‍പരം കുടിയേറുന്നതും ടൈം ട്രാവലും കെ ഡ്രാമാരംഗത്തെ ജനപ്രിയ ചേരുവയാണ് എന്നത് പുതിയ കാര്യമല്ല. കെ ഡ്രാമ രംഗം പോലെ തന്നെ പോപ്പുലറാണ് ഈ പ്രമേയവും. അതിന്നിടയിൽ ഇത്തിരി പ്രണയവും അധികാരത്ത‍ർക്കവും രഹസ്യാന്വേഷണവും സംഘട്ടനവും പിന്നെ ഒത്തിരി തമാശയും . 'മിസ്റ്റര്‍ ക്വീൻ' കൊറിയൻ കേബിൾ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും ജനപ്രീതി നേടിയ ആദ്യ പത്ത് പരമ്പരകളിൽ ഒന്നായത് വെറുതെയല്ല.

തെക്കൻ കൊറിയ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ ബ്ലൂഹൗസിലെ പ്രധാന ഷെഫാണ് Jang Bong-hwan. അത്യാവശ്യം പഞ്ചാരയടിയും നല്ല  സമ്പാദ്യവും കൂസലില്ലായ്മയും കൗശലവും എല്ലാമുള്ളൊരു ചങ്ങാതി. ഒരു കേസിന്റെ നൂലാമാലകൾക്കിടയിൽ ബോങ് ഹ്വാൻ  കൂറ്റൻ കെട്ടിടത്തിന് മുകളിൽ നിന്ന് നീന്തൽക്കുളത്തിലേക്ക് വീഴുന്നു. വീഴ‍്‍ചയുടെ ഷോക്കിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന ബോങ് ഹ്വാൻ ഞെട്ടലോടെ തിരിച്ചറിയുന്നു, താൻ ജോസൺ രാജവംശത്തിലെ റാണിയുടെ ശരീരത്തിലാണ് ഉള്ളതെന്ന്. Kim So-yong പിറ്റേന്ന് രാജാവുമായുള്ള കല്യാണമാണെന്ന്. അടക്കവും ഒതുക്കവുമുള്ള റാണിയ്ക്ക് പെട്ടെന്ന് വരുന്ന ഭാവമാറ്റവും സ്വഭാവത്തിലെ വ്യതിയാനങ്ങളുമെല്ലാം കൊട്ടാരത്തിലും റാണിയുടെ ദാസിമാർക്കിടയിലും ഞെട്ടലും പ്രശ്‍നങ്ങളും തലവേദനകളും ഉണ്ടാക്കുന്നു.  ഇതൊന്നും പോരാഞ്ഞ് റാണി ഇടക്കിടെ അടുക്കളയിൽ കയറി പാചകപരീക്ഷണങ്ങൾ നടത്തിയും ഞെട്ടിക്കുന്നുണ്ട്. അമ്മ മഹാറാണിയുടെ ആജ്ഞകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പാവയാണ് രാജാവ്. അദ്ദേഹത്തിനും വധുവിന്റെ മാറ്റങ്ങൾ മനസ്സിലാകുന്നില്ല. അമ്മ മഹാറാണിയുടെ കുടുംബക്കാരിയായ  (Andong Kim  വംശം) റാണിയോട് തീരെ താത്പര്യവുമില്ല. രണ്ടാംഭാര്യയുടെ സ്ഥാനത്ത് എത്തുന്ന Jo Hwa-jin ആണ് രാജാവിന്റെ പ്രണയിനി. അവ‍ർ Pungyang Jo clan വംശമാണ്. അൻഡോങ് കിം വംശത്തിൽ പെട്ടവരാലാണ് രാജാവിന്റെ കുടുംബക്കാരെല്ലാവരും കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ സമ്പത്ത് കട്ടുമുടിച്ച് സ്വന്തം കീശ വീർപ്പിക്കുന്നതിലാണ് അവർക്ക് ശ്രദ്ധ. അവരെ എങ്ങനെയെങ്കിലും താഴെയിറക്കുക, മാതൃകാപരമായി രാജ്യം ഭരിക്കുക എന്നതാണ് യി വോൺ എന്ന ചിയോൾജങ് രാജാവിന്റെ സ്വപ്‍നം. റാണിയെ ആദ്യം ശത്രുവായി കാണുന്ന അയാൾ പിന്നീട് അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. റാണി അയാൾക്ക് നല്ല പിന്തുണയാകുന്നു. പതുക്കെ ബോങ് ഹ്വാന്റെ കൈപ്പിടിക്കുള്ളിൽ നിന്ന് കിം സോ യങ്ങിന്റെ തിരിച്ചറിവിലേക്ക് റാണിയെത്തുമ്പോൾ അത് പരസ്‍പര സ്നേഹവുമാകുന്നു. ഇതിന്നിടിയൽ രണ്ട് വംശക്കാരുടെയും അധികാരത്തർക്കവും അത്യാഗ്രഹവും ജോ ഹ്വാ ജിന്നിന്റെ കുശുമ്പുമെല്ലാം പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നുണ്ട്. റാണിയുടെ സ്വഭാവമാറ്റങ്ങളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് കഥയിൽ ചിരിക്ക് വകയൊരുക്കുന്നത്. റാണിയും രാജാവും പരസ്‍പരം മനസ്സിലാക്കുന്നതും അടുക്കുന്നതും പ്രണയമഴ പെയ്യിക്കുന്നു. കൊട്ടാരത്തിലെ കലാപങ്ങൾ ത്രില്ലടിപ്പിക്കുന്നു. ഇതെല്ലാം, ഒപ്പം ഭാവിയെ കുറിച്ചുള്ള പരാമർശങ്ങളും സ്വയം വിമർശനങ്ങളും ഉൾപെടുത്തിയുള്ള രചന ഭാവനാപൂർണമെന്ന് പറയാതെ വയ്യ. എല്ലാത്തിനും ചേരുന്ന സംഗീതവും പാട്ടുകളും. (പാട്ടുകളിലൊന്ന് നായകൻ തന്നെയാണ് രചിച്ചിരിക്കുന്നതും പാടിയിരിക്കുന്നതും). പോരാഞ്ഞ് നല്ല ഛായാഗ്രഹണവും പ്രൊഡക്ഷൻ ഡിസൈനും. 'മിസ്റ്റര്‍ ക്വീൻ' വെറുതെയല്ല വൻഹിറ്റായത്.

Korean Drama Mr Queen review

റാണിയായെത്തുന്ന Shin Hye-sun ന്റേത് അതിഗംഭീരപ്രകടനമാണ്. ഓരോ ഭാവമാറ്റവും അത്ര സൂക്ഷ്‍മമായാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന രാജാവിന്റെ വേഷം Kim Jung-hyun ന്റെ കയ്യിൽ ഭദ്രം. കെ ഡ്രാമ രംഗത്തെ പരിചിതമുഖങ്ങളായ ചാ ചുങ് ഹ്വാ, ബേ ജോങ് ഓക്, കിം ജ്വാഗ്യൂൻ, ജോ യോൺ ഹീ, കിം ഇൻ ക്വോൺ തുടങ്ങിയവർക്കൊപ്പം പുതുതലമുറക്കാരായ സ്യോൾ ഇൻ ആ, ചേ സ്യോ യൂൺ, ലീ ജേ വോൺ, നാ ഇൻവൂ,ചോയ് ജിൻ ഹ്യൂക്ക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ അസ്സലാക്കി.

Korean Drama Mr Queen review
 
കഥാപശ്ചാത്തലം മാത്രമാണ് ചരിത്രത്തിൽ നിന്ന് എടുത്തതെന്നും പരമ്പര ഭാവനാസൃഷ്‍ടി ആണെന്നും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ചരിത്രഏടുകളിൽ നിന്ന് കടമെടുത്തതല്ലെന്നും പരമ്പരയുടെ അണിയറക്കാർ പലവട്ടം വ്യക്തമാക്കിയിരുന്നു. പരമ്പരയിൽ ഇടക്കിടെ കാണിക്കുന്നുമുണ്ട്. പക്ഷേ പരമ്പര ചരിത്രവസ്‍തുതകൾ വളച്ചൊടിച്ചു എന്ന് വ്യാപകമായി വിമർശനമുയർന്നിരുന്നു. ജോസൺ രാജവംശത്തിൽ പെട്ട ചിയോൾജങ് രാജാവും  ച്യോറിൻ റാണിയും ( King Cheoljong, Queen Cheorin) അടിസ്ഥാനപരമായി ഇങ്ങനെയേ അല്ല എന്നതാണ് പ്രശ്‍നമായത്. എന്തായാലും DISCLAIMERകളേക്കാളും പരമ്പരയുടെ രസികത്തരവവും ആസ്വാദ്യതയും പ്രധാന താരങ്ങളുടെ ഗംഭീരപ്രകടനവുമാണ്  'മിസ്റ്റര്‍ ക്വീനി'നെ വിമർശനങ്ങളുടെ കൂരമ്പുകൾക്കിടയിലും മുന്നോട്ടു നയിച്ചതും ഗംഭീരവിജയമാക്കിയതും. വിമർശനങ്ങളുടെ പശ്ചാത്തലമാകണം നോമിനേഷനുകൾക്ക് അപ്പുറം പ്രധാന പുരസ്‍കാരവേദികളിൽ 'മിസ്റ്റര്‍ ക്വീനി'നെ എത്തിച്ചില്ല. പക്ഷേ പ്രേക്ഷകപ്രീതി എല്ലാത്തിനേയും കടത്തിവെട്ടുന്നതായിരുന്നു. അതുകൊണ്ടാണ് പരമ്പര കഴിഞ്ഞിട്ടും ആറ് കുട്ടി എപ്പിസോഡുകൾ കൂടി അണിയറക്കാർ പുറത്തുവിട്ടത്. പ്രധാന കഥയുമായി ചേർന്നു നിൽക്കുന്ന ചില സംഭവങ്ങളും മറ്റൊരു ക്ലൈമാക്സുമായിരുന്നു ആ എക്സ്‍ട്രാ എപ്പിസോഡുകൾ. റിലീസ് കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞിട്ടും ഇടിവ് തട്ടാത്തതാണ് ' മിസ്റ്റര്‍ ക്വീൻ' പ്രീതി. ഇപ്പോഴും പരമ്പര ഇടക്കിടെ വീണ്ടും കാണുന്ന പ്രേക്ഷകർ തന്നെ തെളിവ്.  ITS ENTERTAINING അതിൽ രണ്ടു പക്ഷമില്ല.

Read More : 'പ്രതികാരം വീട്ടാനുള്ളത്', 'ലോലെസ്സ് ലോയർ', കൊറിയൻ ഡ്രാമ റിവ്യു

Follow Us:
Download App:
  • android
  • ios