Asianet News MalayalamAsianet News Malayalam

'പ്രതികാരം വീട്ടാനുള്ളത്', 'ലോലെസ്സ് ലോയർ', കൊറിയൻ ഡ്രാമ റിവ്യു

'ലോലെസ്സ് ലോയർ' എന്ന കെ ഡ്രാമയുടെ റിവ്യു.

Lawless Lawyer Korean Drama review
Author
Kochi, First Published Aug 19, 2022, 4:23 PM IST

അമ്മയെ കൊന്നവരോട് പ്രതികാരം ചെയ്യുന്ന മകൻ, ന്യായത്തിന് വേണ്ടി ശബ്‍ദമുയർത്താൻ മടിയില്ലാത്ത നായിക, അധികാരത്തിനും പണത്തിനുമായി എന്തും ചെയ്യാൻ മടിയില്ലാത്ത വില്ലൻമാർ.. ഇപ്പറഞ്ഞതൊന്നും പുതുമയല്ല. പ്രതികാരം വീട്ടൽ എന്നത്  നമ്മുടെ നാട്ടിലായാലും കൊറിയയിൽ ആയാലും ബോളിവുഡിൽ ആയാലും ഹോളിവുഡിലായാലും ഒക്കെ പതിവ് പ്രമേയമാണ്. മിക്കവാറുമെല്ലാം പ്രേക്ഷകപ്രീതി നേടിയിട്ടുമുണ്ടാകും.  വിജയചേരുവ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് വിജയം നിശ്ചയിക്കുക. അതിലൊരു പുതുമ കൊണ്ടുവന്നതാണ് 'ലോലെസ്സ് ലോയ'ർ അഥവാ നിയമമില്ലാത്ത വക്കീൽ എന്ന കെ ഡ്രാമയുടെ വിജയം. അതുതന്നെയാണ് കൊറിയൻ കേബിൾ ടിവി ചരിത്രത്തിൽ ഏറ്റവും റേറ്റിങ് നേടിയ പരമ്പരകളുടെ പട്ടികയിൽ ലോ ലെസ്സ് ലോയറെ എത്തിച്ചതും.

കഥ ചുരുക്കിപറഞ്ഞാൽ വലിയ പുതുമയില്ല. നീതിയുക്തയായ അഭിഭാഷക. അക്രമത്തിന്റെ പാത തെരഞ്ഞെടുത്തത്തിനാൽ ഏക  സഹോദരനെ ഒഴിവാക്കാൻ മാത്രം നീതിബോധമുള്ളവരാണ് ആ വക്കീൽ. അതിശക്തരായ എതിരാളികളോട് ഏറ്റുമുട്ടാൻ തുനിഞ്ഞിറങ്ങിയ അവൾ കൊല്ലപ്പെടുന്നു. സ്‍കൂൾ കുട്ടിയായ മകന്റെ മുന്നിൽ വെച്ച്. ജീവൻ പോകും മുമ്പ് മറ്റൊരു നഗരത്തിൽ ക്വട്ടേഷൻ സംഘവുമായി ജീവിക്കുന്ന സഹോദരന്റെ നമ്പർ വക്കീൽ മകന് നൽകുന്നുണ്ട്. അമ്മാവന്റെ അടുത്തെത്തുന്ന കുട്ടി, പഠിക്കുന്നു, നിയമം തന്നെ. അമ്മാവന്റെ ഒപ്പം കൂടി അത്യാവശ്യം അടിതടയും. തന്റെ നാട്ടിൽ തിരിച്ചെത്തുക, അമ്മയുടെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. ആ ലക്ഷ്യം ഒന്നുമാത്രമാണ് മകനെ മുന്നോട്ട് നയിക്കുന്നത്. ജീവൻ രക്ഷിക്കാൻ തന്നെ സഹായിച്ച ഒരു സ്ത്രീയെ അവന് ഓർമയുണ്ട്. അവരെ കുറേക്കാലമായി കാണാനില്ല. അവരുടെ മകളും വലുതായി വക്കീലായിട്ടുണ്ട്. നീതിബോധമുള്ള ചങ്കൂറ്റമുള്ള വക്കീൽ.  അവളും അച്ഛനും അമ്മയെ ഓർക്കാത്ത ദിവസമില്ല. നിയമപോരാട്ടത്തിൽ അവളേയും നായകൻ ഒപ്പം കൂട്ടുന്നു. രീതികളിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രണ്ടുപേരും നീതി എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടുപോകുന്നു. പതുക്കെ പ്രണയവും രണ്ടുപേരെയും ഒന്നിപ്പിക്കുന്ന ഘടകമാകുന്നു.

Lawless Lawyer Korean Drama review

കഥയെ വ്യത്യസ്‍തമാക്കുന്നതും ഗംഭീരമാകുന്നതും വില്ലൻമാരാണ്. ആ നഗരത്തിൽ എല്ലാവരും ബഹുമാനിക്കുന്ന ജഡ്‍ജിയാണ് പ്രധാന വില്ലൻ. മുമ്പ്  ആ കസേരയിൽ ഇരുന്ന അച്ഛനേക്കാളും പ്രതാപശാലിയാകണമെന്നാണ് മകൾ ആഗ്രഹിക്കുന്നു. അധികാരവും സമ്പത്തും പ്രശസ്‍തിയും എല്ലാം വേണമെന്നും. ആജ്ഞാനുവർത്തിയായ ഗുണ്ടയെ ആ നഗരത്തിന്റെ മേയറാക്കുന്നു. രണ്ടുപേരും കൂടി നഗരം കാൽക്കീഴിലാക്കുന്നു. എതിർക്കുന്നവരെ ഇല്ലാതാക്കുന്നു. കൂടുതൽ വലിയ സ്വപ്‍നങ്ങൾ രണ്ടുപേരും കണ്ടുതുടങ്ങുമ്പോഴാണ് നമ്മുടെ നായകന്റെ രംഗപ്രവേശം. കണക്കുകൂട്ടലുകൾ തെറ്റുന്നതും അത്യാഗ്രഹം കടന്നുവരുന്നതും അവരുടെ പരസ്‍പരവിശ്വാസത്തിന്റെ ഇഴയടുപ്പം കുറക്കുന്നു. സംഘത്തിൽ അസ്വസ്ഥതകൾ ജനിക്കുന്നു.

Lawless Lawyer Korean Drama review

നിയമത്തിന്റെ സഹായത്താൽ, വകുപ്പുകളുടെ നൂലാമാലകൾ കൊണ്ട് ലക്ഷ്യം നേടാൻ ശ്രമിക്കുന്ന രണ്ട് വിരുദ്ധചേരികൾ. അവരുടെ പോരാട്ടം. അതാണ് ലോലെസ്സ് ലോയർ പറയുന്ന കഥ. ചടുലമായ അവതരണം, അസ്സലായി കൊറിയോഗ്രാഫി ചെയ്‍ത സംഘട്ടനരംഗങ്ങൾ, ത്രില്ലിങ് ആയ കോടതിമുറി രംഗങ്ങൾ. കണ്ടിരിക്കുമ്പോൾ ആവേശം തോന്നാത്ത മുഹൂർത്തങ്ങൾ അധികമില്ല എന്നതു തന്നെ സീരീസിനെ വിജയിപ്പിച്ച ഘടകം. നായികയുടേയും നായകന്റേയും പ്രണയം കടന്നുപോകുന്നതും കോരിത്തരിപ്പിക്കുന്ന പ്രധാനഘടകത്തിന്റെ സൈഡിലൂടെയാണ്. സ്‍പീഡ് ബ്രേക്കർ ആകാതെ.  ആക്ഷൻ രംഗങ്ങളിലെ മികവിന് പേരു കേട്ട ലീ ജൂങ്ഗി (Lee Joon-gi) ആണ് നായകനാകുന്നത്. നായിക സ്യോ യേ ജി (Seo Ye-ji ). നായകകഥാപാത്രങ്ങളുടെ ഒപ്പം അല്ലെങ്കിൽ അതിനേക്കാളും ഉയരത്തിൽ നിൽക്കുന്ന വില്ലത്തി കഥാപാത്രമായ ജഡ്‍ജി ചാ മുൻസുക്ക് ആകുന്നത് പ്രമുഖ അഭിനേത്രി ലീ ഹൈ യങ് (Lee Hye-young). മേയർ ആങ് ഓ ജൂ ആകുന്നതും ചില്ലറക്കാരനല്ല. കൊറിയൻ അഭിനേതാക്കളുടെ കൂട്ടത്തിൽ തലപ്പൊക്കമുള്ള ചോയ് മിൻ സു. (Choi Min-soo). മറ്റ് താരങ്ങളും മോശമായില്ല.  ത്രില്ലടിച്ച് ഒരു ബോറൻ ദിവസം രസകരമാക്കണോ? തിരക്കേറിയ ഒരു ദിവസത്തിന്റെ കെട്ടഴിക്കണോ? ലോലെസ്സ് ലോയർ നല്ല ഉത്തരമാണ്. 2018ലാണ് പുറത്തിറങ്ങിയതെങ്കിലും ആവേശത്തിന്റെ ഊർജം ഇന്നും അതുപോലെയുണ്ട്.

Read More : പരകായ പ്രവേശവുമായി 'ഗോസ്റ്റ് ഡോക്ടര്‍'- കെ ഡ്രാമ റിവ്യു

Follow Us:
Download App:
  • android
  • ios