സിബി മലയില്‍ ഒരിടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊത്ത്'. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. രഞ്‍ജിത് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം.

അയപ്പനും കോശിയും നിര്‍മിച്ച കോയിൻ മോഷൻ പിക്ചേഴ്‍സ് ആണ് കൊത്തും ചെയ്യുന്നത്. കൃത്യമായ കോവിഡ് നടപടി ക്രമങ്ങൾ പാലിച്ചായിരുന്നു ഷൂട്ടിങ്ങിന്റെ ആദ്യം മുതൽ അവസാനം വരെ നീങ്ങിയത് . ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ടെക്നീഷ്യൻമാർക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍ എപ്പോള്‍ തുടങ്ങും എന്ന് അറിയിച്ചിട്ടില്ല. സിനിമയിലെ അഭിനേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഫോട്ടോ രഞ്‍ജിത് ഷെയര്‍ ചെയ്‍തിട്ടുണ്ട്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.

റോഷൻ മാത്യു ,രഞ്‍ജിത്ത് , വിജിലേഷ് , സുരേഷ് കൃഷ്‍ണ, അതുൽ , ശ്രീലക്ഷ്‍മി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി ഉണ്ട്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് രഞ്‍ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‍ത സമ്മര്‍ ഇന്‍ ബത്‌ലഹേം ഇന്നും ആരാധകരുടെ ഇഷ്‍ടചിത്രമാണ്. 2015ല്‍ റിലീസ് ചെയ്‍ത സൈഗാള്‍ പാടുകയാണ് ആയിരുന്നു സിബി മലയില്‍ സംവിധാനം ചെയ്‍ത അവസാന ചിത്രം.