മോഹൻലാല്‍ നായകനായ ചിത്രം 'ആറാട്ട്' തിയറ്ററില്‍ കാണാതെ നെടുമുടി വേണുവും കോട്ടയം പ്രദീപും യാത്രയായിരിക്കുന്നു.
മോഹൻലാല്‍ നായകനായ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' (Neyyattinkara Gopante Aaraatttu) നാളെ റിലീസിനെത്തുകയാണ്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ്. 'ആറാട്ടി'ന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുകയാണ്. ഇപ്പോഴിതാ 'ആറാട്ടി'ന്റെ റിലീസിന്റെ ഒരു ദിവസം ബാക്കി നില്‍ക്കെ കോട്ടയം പ്രദീപും (Kottayam Pradeep) വിടപറഞ്ഞിരിക്കുന്നു.
നാളെ 'ആറാ'ട്ട് തിയറ്ററുകളില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ നൊമ്പരത്തോടെ ഓര്‍ക്കുന്ന രണ്ട് മുഖങ്ങളുമുണ്ടാകും. നെടുമുടി വേണുവും കോട്ടയം പ്രദീപുമാണ് അവര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നായിരുന്നു നെടുമുടി വേണു വിട പറഞ്ഞത്. ഇന്നിപ്പോള്‍ കോട്ടയം പ്രദീപും യാത്രയായിരിക്കുന്നു. മോഹൻലാലിനൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്‍ടപ്പെടുന്ന നെടുമുടി വേണു ആ സന്തോഷത്തോടെയായിരുന്നു 'ആറാട്ടി'ല്‍ അഭിനയിക്കാനെത്തിയത് എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞിരുന്നു. മോഹൻലാലിനൊപ്പം രസകരമായ ഒരു രംഗം കോട്ടയം പ്രദീപിനും ഉണ്ടായിരുന്നുവെന്നാണ് ഇന്ന് ബി ഉണ്ണികൃഷ്‍ണൻ അനുസ്‍മരിച്ചിരിക്കുന്നത്. ഒരു മാസ് കോമഡി ചിത്രമായി എത്തുന്ന 'ആറാട്ട്' നാളെ കാണുമ്പോള്‍ ചിരിക്കൊപ്പം തന്നെ ചിലരെങ്കിലും നെടുമുടി വേണുവിനെയും കോട്ടയം പ്രദീപിനെയും വേദനയോടെ ഓര്‍ത്തേക്കും.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു കോട്ടയം പ്രദീപിന്റെ അന്ത്യം സംഭവിച്ചത്. ദേഹ്വാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം പ്രദീപിനെ ആശുപത്രിയില്‍ എത്തിയെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. കേരളം ഏറെ ഇഷ്‍ടപ്പെട്ടിരുന്നു കലാകാരന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് പ്രേക്ഷകരും. കോട്ടയം പ്രദീപ് താരമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നെങ്കിലും എല്ലാവരോടും ഒരുപോലെ പെരുമാറാൻ ശ്രദ്ധിക്കുന്ന കലാകാരൻ കൂടിയായിരുന്നു. ലാളിത്യത്തോടെയുള്ള പെരുമാറ്റം കോട്ടയം പ്രദീപിന് ഏറെ ശ്രദ്ധയും ആരാധകരെയും നേടിക്കൊടുത്തിരുന്നു.
കലാരംഗത്തെ തുടക്കം കോട്ടയം പ്രദീപിനും നാടകം തന്നെയായിരുന്നു. പഠനകാലത്ത് കലാരംഗത്ത് സജീവമായിരുന്ന കോട്ടയം പ്രദീപ് 'ഈശ്വരൻ അറസ്റ്റില്‍' എന്ന നാടകത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. പത്താം വയസിലെ ആദ്യ നാടകത്തിനു ശേഷം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കോട്ടയം പ്രദീപ് പിന്നീട് കലാ ലോകത്തേയ്‍ക്ക് അടുത്തു. ഏകാംഗ നാടകം, പാട്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു വിദ്യാഭ്യാസ കാലത്ത് കോട്ടയം പ്രദീപിന്റെ ഇനങ്ങള്‍. വര്‍ഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്ന കോട്ടയം പ്രദീപ് ഒരു പ്രൊഫഷണല്‍ ക്യാമറയെ അഭിമുഖീകരിക്കുന്നത് യാദൃശ്ചികമായിട്ടാണ്. ടെലിഫിലിമിന് ബാല താരത്തെ ആവശ്യമുണ്ട് എന്നറിഞ്ഞ് മകനെയും കൂട്ടി സെറ്റിലേക്ക് എത്തിയതായിരുന്നു കോട്ടയം പ്രദീപ്. 'അവസ്ഥാന്തരങ്ങള്‍' എന്ന ഫിലിമിന് മറ്റൊരു കഥാപാത്രത്തിനും ആളെ ആവശ്യമുണ്ടായിരുന്നു. ആ വേഷം കിട്ടിയതാകട്ടെ കോട്ടയം പ്രദീപിനും. ടെലിഫിലിമില്‍ അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് സിനിമയിലേക്ക് എത്തുന്നത് 'ഈ നാട് ഇന്നലെ വരെ'യിലൂുടെയായിരുന്നു. ഐ വി ശശരി ചിത്രത്തിന്റെ ഹിന്ദി തെലുങ്ക് പതിപ്പുകളിലും പ്രദീപ് അഭിനയിച്ചു. ഗൗതം വാസുദേവ് മേനോന്റെ തമിഴ് ചിത്രം 'വിണ്ണൈ താണ്ടി വരുവായ' ആണ് കോട്ടയം പ്രദീപിന് വഴിത്തിരിവായത്. തട്ടത്തിൻ മറയത്തിലെ പൊലീസ് കോണ്‍സ്റ്റബളിന്റെ വേഷവും ശ്രദ്ധേയമായി.
Read More : നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു
വിവിധ ഭാഷകളിലായി കോട്ടയം പ്രദീപ് എഴുപതിലേറെ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ആമേൻ, 'വടക്കൻ സെല്‍ഫി', 'സെവൻത് ഡേ', 'പെരുച്ചാഴി', 'എന്നും എപ്പോഴും', 'ആട് ഒരു ഭീകരജീവി', 'അമര്‍ അക്ബര്‍ അന്തോണി', 'അടി കപ്യാരേ കൂട്ടമണി', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. തമിഴില്‍ 'രാജാ റാണി', 'നൻപനട' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും തന്റെ കഥാപാത്രത്തെ കോട്ടയം പ്രദീപിന് പ്രേക്ഷകശ്രദ്ധയിലേക്ക് കൊണ്ടുവരാനായി എന്നതാണ് പ്രധാന കാര്യം.
എല്‍ഐസിയില്‍ ജീവനക്കാരനായിട്ടായിരുന്നു കോട്ടയം പ്രദീപിന്റെ ഔദ്യോഗിക ജീവിതം. ജൂനിയര്‍ ആര്‍ടിസ്റ്റ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ഒടുവില്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയും ചെയ്യുകയായിരുന്നു കോട്ടയം പ്രദീപ്. കോട്ടയത്തെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചത്. കാരാപ്പുഴ സ്‍കൂളിളും ബസേലിയസ് കോളേജും കോപ്പറേറ്റീവ് കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം.
