വിദേശ പ്രോഗ്രാമിനിടെ കെപിഎസി ലളിത പാട്ട് പാടുന്നതിന്റെ അപൂര്‍വ വീഡിയോ. 

മലയാളികളുടെ പ്രിയപ്പെട്ട താരം കെപിഎസി ലളിത (KPAC Lalitha) യാത്രയായിരിക്കുന്നു. തനത് അഭിനയ ശൈലിയാല്‍ സിനിമാ ലോകത്തെ വിസ്‍മയിപ്പിച്ച നടിയാണ് കെപിഎസി ലളിത. കെപിഎസി ലളിതയെ കുറിച്ചുള്ള ഓര്‍മകളിലാണ് കലാകേരളം. ഇപ്പോഴിതാ പണ്ട് കെപിഎസി ലളിത പാടിയ ഒരു പാട്ടിന്റെ വീഡിയോ നൊമ്പരത്തോടെ പങ്കുവയ്‍ക്കുകയാണ് മലയാളികള്‍ സാമൂഹ്യമാധ്യമത്തില്‍.

സുഹൃത്തുക്കളെ, എനിക്ക് പാട്ട് പാടാൻ അങ്ങനെ അറിയില്ല. കെപിഎസിയുടെ നാടകത്തില്‍ ഞാൻ കുറച്ച് പാടിയിട്ടുണ്ട്. അതിനുശേഷം പാടാറില്ല. ഒരു ആഗ്രഹത്തിന്റെ പുറത്ത് ഒരു പാട്ട് പാടുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ ക്ഷമിക്കൂ എന്ന മുഖവുരയോടെയാണ് കെപിഎസി ലളിത പാടുന്നത്. എല്ലാവരും ചൊല്ലണ് എന്ന് തുടങ്ങുന്ന ഗാനമായിരുന്നു കെപിഎസി ലളിത പാടുന്നത്. ഓര്‍ക്കസ്‍ട്രയ്‍ക്കനുസരിച്ച് കെപിഎസി ലളിത പാടി തീര്‍ന്നപ്പോള്‍ കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എം ജി ശ്രീകുമാറിനെയും വീഡിയോയില്‍ കാണാം. വിദേശ പ്രോഗ്രാമിനിടെ കെപിഎസി ലളിത പാടിയ പാട്ടിന്റെ വീഡിയോയാണ് ഇത്.

കെപിഎസി ലളിത കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്തരിച്ചത്. മകൻ സിദ്ധാര്‍ഥ് ഭരതന്റെ തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നു മരണം. ഏറെ നാളമായി അസുഖബാധിതയായിരുന്നു കെപിഎസി ലളിത. ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിനിമകളും ഓര്‍മയില്‍ ബാക്കിയാക്കിയാണ് കെപിഎസി ലളിത യാത്രയായിരിക്കുന്നത്.

Read More : സിദ്ധു ഐസിയുവിലായിരുന്നപ്പോഴായിരുന്നു ചേച്ചി വന്ന് സിനിമ പൂര്‍ത്തിയാക്കിയത്', കെപിഎസി ലളിതയെ കുറിച്ച് രഞ്‍ജിത് ശങ്കര്‍ 


കെപിഎസി ലളിതയുടേതായി 'ഭീഷ്‍മ പര്‍വം', 'ഒരുത്തീ' എന്നീ ചിത്രങ്ങളാണ് വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ളത്. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. 'എന്റെ പ്രിയതമന്', 'പാരീസ് പയ്യൻസ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവയും തുടങ്ങാത്തവയും ഉണ്ട്.

മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ഥ പേര്. കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബത്തിലൂടെ'യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്

പിന്നീടങ്ങോട്ടുള്ളത് മലയാള സിനിയുടെ കൂടി ചരിത്രമാണ്. 'സ്വയംവരം', 'അനുഭവങ്ങൾ പാളിച്ചകൾ', 'ചക്രവാളം', 'കൊടിയേറ്റം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'പൊൻ മുട്ടയിടുന്ന താറാവ്', 'വടക്കുനോക്കി യന്ത്രം', 'വെങ്കലം', 'ഗോഡ് ഫാദർ', 'വിയറ്റ്നാം കോളനി', 'ശാന്തം', 'അമരം', 'സന്ദേശം', 'നീല പൊൻമാൻ' അങ്ങനെ നീളുന്നു 'കെപിഎസി' ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ 'അമരം' എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ 'ശാന്തം' എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.