'ആവാസവ്യൂഹം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ കൃഷാന്ദിന്റെ 'സംഘർഷഘടന' ഒടിടി റിലീസ് ആരംഭിക്കുന്നു. നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ വിഷ്ണു അഗസ്ത്യയാണ് പ്രധാന വേഷത്തിൽ.

ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ദ്. ഓരോ സിനിമകളിലും സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കൃഷാന്ദ്. അദ്ദേഹത്തിന്റെ മൂന്നാം ചിത്രം സംഘർഷഘടന മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായിരുന്നു. 2024 ൽ ആ വർഷത്തെ കേരളം രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി റിലീസ്സ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സൺ നെക്സ്റ്റിലൂടെ നവംബർ 14 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. വിഷ്‍ണു അഗസ്‍ത്യയും സനൂപ് പടവീടനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. രാഹുല്‍ രാജഗോപാല്‍. ഷിൻസ് ഷാം, കൃഷ്‍ണൻ, മഹി, മേഘ, മൃദുല മുരളി തുടങ്ങിയവരും ചിത്രത്തിൽ മാറ്റ് കഥാപാത്രങ്ങളായി എത്തുന്നു. അതേസമയം കൃഷാന്ദ് സംവിധാനം ചെയ്ത വെബ് സീരീസ് 'സംഭവവിവരണം നാലര സംഘം' സോണി ലിവിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രശംസകൾ ലഭിച്ച സീരീസിന് ഇപ്പോഴും കാഴ്ചക്കാർ ഏറെയാണ്.

കൃഷാന്ദ്- മോഹൻലാൽ ചിത്രം

അതേസമയം മോഹൻലാൽ- കൃഷാന്ദ്കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന റിപ്പോർട്ടുകൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാൽ തിരക്കഥ വായിച്ച് അതിന്റെ ചർച്ചകളിലേക്കും ബജറ്റിങ്ങിലേക്കുമൊക്കെ കടന്നിട്ടുണ്ടെന്നാണ് കൃഷാന്ദ് പറയുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായ ആവാസവ്യൂഹത്തിന് മുൻപ് എഴുതിയ തിരക്കഥയാണിതെന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും കൃഷാന്ദ് കൂട്ടിച്ചേർത്തു.

"സ്ക്രീൻപ്ലേ വായിച്ച് അതിന്റെ ഡിസ്കഷനിലേക്ക് കടക്കുകയും അതിന്റെ ബജറ്റിങ്ങിലോട്ടൊക്കെ കയറുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ സാറുമായി രണ്ട് മൂന്ന് സിറ്റിങ്ങ് കൂടി ബാക്കിയുണ്ട്. മോഹൻലാൽ സാറിന് സമ്മതമാണെങ്കിൽ നമ്മൾ അത് നന്നായിട്ട് ചെയ്യും, ആ സിനിമയുടെ തിരക്കഥ വളരെ ഇന്ററസ്റ്റിംഗ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെറുക്കുന്നതിന് മുൻപ് ആ സിനിമ ചെയ്യണമെന്നുണ്ട്. ഒരുപാട് വർഷം മുൻപ് തയ്യാറാക്കിയ തിരക്കഥയാണത്. ആവാസവ്യൂഹം ഒക്കെ ചെയ്യുന്നതിനും മുൻപ് തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ്. ഹ്യൂമർ ഉണ്ടെങ്കിലും ഒരു ഴോണറിൽ തളച്ചിടാൻ കഴിയാത്ത സിനിമയാണ്." സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ കൃഷാന്ദ് പറഞ്ഞു.