ബിഗ് ബോസ് സീസൺ 7 ഫിനാലെയ്ക്ക് മുന്നോടിയായി മത്സരാർത്ഥി അനുമോൾക്ക് പിന്തുണയുമായി ഡോ. റോബിൻ രാധാകൃഷ്ണനും ബിനു അടിമാലിയും. റോബിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി അനു വിന്നറാകുമെന്ന ചർച്ചകൾക്ക് വഴിവെച്ചപ്പോൾ, അനുവിന്റെ കഠിനാധ്വാനത്തെ ബിനു അടിമാലി പ്രശംസിച്ചു.

ബിഗ് ബോസ് സീസണ്‍ 7 ഗ്രാൻഡ് ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ശ്രദ്ധ നേടി ഡോ. റോബിൻ രാധാകൃഷ്ണന്‍റെ ഇൻസ്റ്റ സ്റ്റോറി. അനുമോളെ അഭിനന്ദിച്ച് കൊണ്ടാണ് റോബിൻ ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഇതോടെ അനു ബിഗ് ബോസ് വിന്നറാകുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഫൈനൽ ഫൈവിൽ എത്തിയതിനാണ് അഭിനന്ദനം അറിയിച്ചതെന്നും സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നു. അനു ഒരു പച്ച തിരുവനന്തപുരംകാരിയാണ്. കഷ്ടപ്പെട്ട് എത്തി ലൈഫിൽ ഫൈറ്റ് ചെയ്ത് നിൽക്കുന്നയാളാണ് അനുമോൾ എന്ന് റോബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നെവിനെയും ഡോ. റോബിൻ അഭിനന്ദിച്ചിരുന്നു.

പിന്തുണച്ച് ബിനു അടിമാലിയും

ബിഗ്ബോസ് സീസൺ 7 ഫിനാലെക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സുഹൃത്തും സഹതാരവും ആയിരുന്ന അനുമോളെ പിന്തുണച്ച് ടെലിവിഷൻ താരവും സ്റ്റേജ് കലാകാരനുമായ ബിനു അടിമാലി രംഗത്ത് വന്നിരുന്നു. ഏഴു വർഷമായി തനിക്ക് അടുത്തറിയാവുന്ന ആളാണ് അനുമോളെന്നും വീടു നോക്കുന്നത് അനുവാണെന്നും ബിനു പറയുന്നു.

''ഏഴ് വർഷത്തോളമായി അടുത്തറിയാവുന്ന ആളാണ് അനുമോൾ. ആൺകുട്ടിയെ പോലെ വീടിന് വേണ്ടി കഷ്ടപ്പെടുന്നയാളാണ്. വീട് നോക്കുന്നത് അവളാണ്. ചിലപ്പോൾ സ്റ്റാർ മാജിക്കിന്റെ ഫ്ലോറിൽ കിടന്നുവരെ അനു ഉറങ്ങിയിട്ടുണ്ട്. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് ബസിൽ കയറി വന്ന് ഫ്ലോറിൽ ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. ഇതൊക്കെ എനിക്ക് അറിയാവുന്നത് കൊണ്ടുതന്നെ വളരെ നല്ല രീതിയിൽ അവളെ സപ്പോർട്ട് ചെയ്യാറുണ്ട്'', എന്ന് ബിനു അടിമാലി പറയുന്നു.

‘പെൺകുട്ടികൾ കണ്ട് പഠിക്കേണ്ട വ്യക്തിത്വം’

''പെൺ കൊച്ചുങ്ങൾ നിന്നെ കണ്ട് പഠിക്കണമെന്ന് ഞങ്ങൾ അനുമോളോട് പറയാറുണ്ട്, ഒപ്പം ഇടയ്ക്ക് കുറച്ച് റിലാക്സ് ചെയ്യണമെന്നും അനുമോളോട് പറഞ്ഞിട്ടുണ്ട്. അവളതൊന്നും കേൾക്കില്ല. എപ്പോഴും ഓട്ടം തന്നെയാണ്. അവൾക്ക് നല്ല ലക്ഷ്യബോധമുണ്ട്. നമ്മൾ കാണുമ്പോൾ എല്ലാവരും ഭയങ്കര ഡ്രസൊക്കെ ഇട്ട്, ഗെറ്റപ്പിലും സെറ്റപ്പിലും നിൽക്കുകയായിരിക്കും. ഈ നിൽക്കുന്ന എല്ലാവരുടെയും ഉള്ളിൽ ഒരു തേങ്ങലുണ്ട്. നമ്മളെല്ലാവരുടെയും അവസ്ഥ അതൊക്കെ തന്നെയാണ്. ഇപ്പോഴുള്ള പെൺകുട്ടികൾ കണ്ട് പഠിക്കേണ്ട വ്യക്തിത്വമാണ് അനുമോൾ. ഞാനൊക്കെ രണ്ട് പ്രോഗ്രാം വന്നാൽ വേണ്ടെന്ന് പറയും. കാരണം നമ്മൾ ആ ഷോയ്ക്ക് കൃത്യമായി എത്തിയില്ലെങ്കിലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. പെെസയും സമയവുമൊന്നും അവൾ കളഞ്ഞിട്ടില്ല. പക്ഷേ പേഴ്സണലി അതേക്കുറിച്ച് കൂടുതൽ അറിയില്ല. ഇത്രയും ആത്മബന്ധമുണ്ടെങ്കിലും ഇപ്പോൾ എത്ര ഫണ്ടുണ്ട് എന്നൊക്കെ ചോദിക്കാൻ പറ്റുമോ. അവൾ പെെസ കൂട്ടി വെക്കുമെന്ന് അറിയാം'', എന്നും ബിനു അടിമാലി പറഞ്ഞു. ‍മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബിനുവിന്റെ പ്രതികരണം.