വേദികയുടെ രോഗവിവരം എല്ലാവരോടും പങ്കുവച്ചത് സിദ്ധാര്‍ഥ് ആണ്

അത്യന്തം കലുഷിതമായാണ് കുടുംബവിളക്ക് പരമ്പര മുന്നോട്ട് പോകുന്നത്. ചില കഥാപാത്രങ്ങളുടെ പെരുമാറ്റം കാണുമ്പോള്‍ മനുഷ്യര്‍ക്ക് ഇങ്ങനെയും മാറ്റം ഉണ്ടാവുമോയെന്ന് ചോദിച്ചുപോവുകയാണ് പ്രേക്ഷകര്‍. വേദികയെ കാണ്മാനില്ല എന്നതാണ് പരമ്പരയുടെ കഥാ​ഗതിയിലെ ഏറ്റവും പുതിയ പ്രശ്‌നം. വേദികയെ വീട്ടില്‍നിന്നും പുറത്താക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു സിദ്ധാര്‍ഥ്. ഇത്രനാളും വില്ലത്തരമെല്ലാം കാണിച്ച് നടന്നെങ്കിലും ഇപ്പോള്‍ വേദികയുടെ അവസ്ഥ പരിതാപകരമാണ്. ബ്ലഡ് കാന്‍സര്‍ ബാധിതയായ വേദികയുടെ ജോലിയും നഷ്ടമായിട്ടുണ്ട്. ജോലിയില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ് ജോലി നഷ്ടമായതെന്നാണ് വേദികയോട് അടുത്തുനില്‍ക്കുന്ന ആളുകള്‍ പറയുന്നത്. അതിനിടെ വേദിക സ്വന്തം വീട്ടില്‍ പോയി എല്ലാവരേയും കണ്ടിരുന്നു. എല്ലാവരോടും എന്താണ് വേദിക മാന്യമായും സ്‌നേഹത്തോടെയും പെരുമാറുന്നതെന്നാണ് വീട്ടിലുള്ളവര്‍ ആലോചിക്കുന്നത്.

വേദിക വീട്ടില്‍നിന്നും ഇറങ്ങിപ്പോള്‍തന്നെ സിദ്ധാര്‍ത്ഥും അവിടെ എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥാണ് വേദികയുടെ രോഗവിവരം അവിടെ എല്ലാവരോടുമായി പറയുന്നത്. അത് കേട്ട ഞെട്ടലിലാണ് അവിടെ എല്ലാവരുമുള്ളത്. വേദിക ചികിത്സയ്ക്ക് കൂട്ടാക്കുന്നില്ലെന്നും അതിനാല്‍ വേദികയെ ഇങ്ങോട്ടേക്ക് കൊണ്ടുവരണം എന്നെല്ലാമാണ് സങ്കടം അഭിനയിച്ചുകൊണ്ട് സിദ്ധാര്‍ത്ഥ്, വേദികയുടെ അമ്മയായ വസുമതിയോട് പറയുന്നത്. സിദ്ധാര്‍ത്ഥ് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ കാര്യസ്ഥന്‍ ശങ്കരന് ഏറക്കുടെ കാര്യങ്ങള്‍ പിടികിട്ടി. സിദ്ധാര്‍ത്ഥ് വേദികയെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് താന്‍ മനസിലാക്കിയത്, ശങ്കരന്‍ വസുമതിയോട് പറയുന്നുമുണ്ട്.

തിരികെ വീട്ടിലെത്തുന്ന സിദ്ധു, സരസ്വതിയമ്മയെ വിളിച്ച് കാര്യങ്ങളെല്ലാം പറയുന്നുണ്ട്. 'ജോലിയുമില്ല, മാറാരോഗവുമാണ്. നീ അവളെ വീട്ടില്‍നിന്നും അങ്ങ് ഇറക്കിവിട്' എന്നാണ് സരസ്വതി കണ്ണില്‍ചോരയില്ലാതെ പറയുന്നത്. അത് കേള്‍ക്കുന്ന സുമിത്ര സരസ്വതിയ കണക്കിന് ശകാരിക്കുന്നുമുണ്ട്. രാത്രി സിദ്ധാര്‍ത്ഥിനെ വസുമതി വിളിച്ച്, വേദികയെ കിട്ടുന്നില്ലായെന്നും, ഒന്ന് ഫോണ്‍ കൊടുക്കാമോയെന്നും ചോദിക്കുമ്പോഴാണ്, വേദിക വീട്ടിലില്ല എന്നകാര്യം സിദ്ധാര്‍ത്ഥ് അറിയുന്നത്. മകളെ കാണുന്നില്ലായെന്ന് പൊലീസില്‍ പരാതി നല്‍കണോ എന്ന് വസുമതി ചോദിക്കുമ്പോള്‍, സിദ്ധു അത് അംഗീകരിക്കുന്നുമില്ല. പിറ്റേന്ന് സംഗതി എല്ലാവരും അറിയുകയാണ്. സരസ്വതി വേദിക പോയല്ലോയെന്നോര്‍ത്ത് സന്തോഷിക്കുമ്പോഴാണ്, അങ്ങനെ ആള് മിസ്സായാല്‍ മകനും അമ്മയുമെല്ലാം കുടുങ്ങുമെന്ന് സുമിത്ര പറയുന്നത്. വേദികയെ എങ്ങനെയാണ് കാണാതായതെന്നും എങ്ങോട്ടാണ് വേദിക പോയതെന്നും ഒരു വിവരവും ഇപ്പോള്‍ ആര്‍ക്കുമില്ല.

ALSO READ : 'ഓപ്പണ്‍ഹെയ്‍മറിനും മഴയ്ക്കുമിടയിലും വാലാട്ടിക്ക് നല്‍കിയ സ്വീകരണത്തിന്'; പൊട്ടിക്കരഞ്ഞ് സംവിധായകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക