മകനെ വീണ്ടടുക്കണം, സുമിത്രയോട് അപേക്ഷയുമായി വേദിക; 'കുടുംബവിളക്ക്' റിവ്യൂ
സമ്പത്തുമായുള്ള ആദ്യ വിവാഹത്തിലെ മകനായ നീരവിനെ ജീവനാണ് വേദികയ്ക്ക്

പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പരമ്പരയാണ് കുടുംബവിളക്ക്. ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീടതെല്ലാം കയ്യടികളാക്കി മാറ്റാന്‍ കുടുംബവിളക്കിന് കഴിഞ്ഞിട്ടുണ്ട്. സുമിത്ര എന്ന സ്ത്രീയുടെയും അവരുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരുപാട് ആളുകളുടേയും കഥയാണ് കുടുംബിളക്ക് പറയുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും കഥയായി കുടുംബവിളക്ക് മാറിയപ്പോഴാണ് അതിന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചത്. അപകടത്തില്‍പ്പെട്ട് കിടക്കുന്ന തന്റെ ആദ്യ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്ന സുമിത്രയെ പലരും സംശയത്തോടെ കണ്ടു. സുമിത്രയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് രോഹിത്തും സുമിത്രയെ സംശയിച്ചോ എന്ന് പ്രേക്ഷകരും പരമ്പരയിലെതന്നെ കഥാപാത്രങ്ങളും ഒരുപോലെ ആശങ്കയിലായിരുന്നു.
അതേ സംശയമുള്ള സിദ്ധാര്‍ത്ഥ് രോഹിത്തിനോട് സംസാരിക്കുന്നതാണ് പുതിയ എപ്പിസോഡില്‍ കാണുന്നത്. സുമിത്രയെ സംശയിക്കരുതെന്നാണ് സിദ്ധാര്‍ത്ഥ് രോഹിത്തിനോട് പറയാന്‍ ശ്രമിക്കുന്നത്. സുമിത്ര എല്ലാത്തിനോടും പ്രതികരിക്കും, എന്നാല്‍ ഒന്നിനോടും അവള്‍ക്ക് പ്രതികാരം ചെയ്യാന്‍ അറിയില്ലായെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അതുകൊണ്ടാണ് എത്രയൊക്കെ ദ്രോഹിച്ച ആളായിരുന്നിട്ടും സിദ്ധാര്‍ഥിനെ സുമിത്ര ശുശ്രൂഷിച്ചത്. അതേസമയം വേദികയെ തന്റെ ജീവിതത്തില്‍നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന സിദ്ധാര്‍ത്ഥിന്റെ ചിന്തയ്ക്ക് ഇപ്പോള്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. ഇത്രനാള്‍ എല്ലാത്തിനോടും വെറുപ്പായിരുന്ന സിദ്ധാര്‍ത്ഥിന് മനുഷ്യപ്പറ്റ് വന്ന് തുടങ്ങിയിട്ടുണ്ട് എന്നാണ് അതിനെപ്പറ്റി പ്രേക്ഷകര്‍ പറയുന്നത്.
സമ്പത്തുമായുള്ള ആദ്യ വിവാഹത്തിലെ മകനായ നീരവിനെ ജീവനാണ് വേദികയ്ക്ക്. ഇടയ്‌ക്കെല്ലാം മകനെ കാണാന്‍ പോകാറുമുണ്ട് വേദിക. വേദികയ്ക്ക് വയ്യാതിരുന്ന സമയത്ത് സുമിത്ര നീരവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുമുണ്ട്. കഴിഞ്ഞദിവസം മകനെ കാണാന്‍ വേദിക സ്‌കൂളിലേക്ക് പോയിരുന്നു. അതിന്റെ ഭാഗമാണ് പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയിലുള്ളത്. മകനെ കാണാന്‍ ചെന്ന വേദിക അറിഞ്ഞത്, സമ്പത്ത് മകനെ ലണ്ടനിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതികള്‍ മുന്നോട്ട് നീക്കി കഴിഞ്ഞെന്നാണ്. അതിനെപ്പറ്റി ക്ലാസ് ടീച്ചറോട് സമ്പത്ത് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം അറിഞ്ഞ വേദിക ആകെ സങ്കടത്തിലാണ്. അതിന്റെ വിഷമങ്ങള്‍ വേദിക സുമിത്രയോട് പറയുന്നുണ്ട്. എന്തെങ്കിലും സുമിത്ര ചെയ്യണമെന്നും അല്ലായെങ്കില്‍ മകനെ ജീവിതത്തിലൊരിക്കലും ഇനി കാണാന്‍ സാധിക്കില്ലായെന്നുമാണ് വേദിക സുമിത്രയോട് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക