തടസ്സങ്ങള്‍ എല്ലാം തട്ടിമാറ്റി; സുമിത്രയുടെ വിവാഹം നടന്നു; ആരാധകര്‍ സന്തോഷത്തില്‍
മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളക്ക്.

തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ അതിന്‍റെ ഏറ്റവും നാടകീയ മുഹൂര്‍ത്തം മംഗളകരമായി തന്നെ പൂര്‍ത്തിയാക്കി. പ്രേക്ഷകര്‍ കാത്തിരുന്ന സുമിത്രയുടെ രണ്ടാം വിവാഹം നടന്നു. ഇതിന്‍റെ ഭാഗമായി പത്രത്തില്‍ നല്‍കിയ കല്ല്യാണ പരസ്യം മോഡലിലുള്ള പരസ്യം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ വിവാഹത്തില്‍ എന്തെങ്കിലും തടസ്സം വരുമോ എന്ന ആശങ്കയിലായിരുന്നു പ്രേക്ഷകര്‍ എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കിയാണ് ഇന്നലത്തെ എപ്പിസോഡ്.
മുന്‍ ഭര്‍ത്താവ് സിദ്ധുവിനെയും അയാളുടെ ഭാര്യയും സുമിത്രയുടെ ഏറ്റവും വലിയ ശത്രുവായ വേദികയെയും സാക്ഷി നിര്‍ത്തിയാണ് രോഹിത്ത് സുമിത്രയുടെ കഴുത്തില്‍ താലികെട്ടിയത്. സിദ്ധുവിന്‍റെ അച്ഛന്‍ ശിവദാസന്‍ ആയിരുന്നു പ്രധാന കാരണവരുടെ സ്ഥാനത്ത്. സുമിത്രയുടെ വീട്ടുകാരും സീരിയലിലെ പ്രധാന താരങ്ങളും എല്ലാം ഒത്തുചേര്‍ന്ന ഗ്രാന്‍റ് എപ്പിസോഡ് ആയിരുന്നു സുമിത്രയുടെ വിവാഹം. വിവാഹം മുടക്കാന്‍ സിദ്ധു നടത്തിയ തന്ത്രങ്ങള്‍ എല്ലാം പൊളിയുന്നതും ഈ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്.
മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളക്ക്. ഭര്‍ത്താവില്‍ നിന്നും അവഗണന നേരിട്ട് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ജീവിച്ച സുമിത്ര എന്ന വീട്ടമ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ കഥയാണ് സീരിയല്‍ പറയുന്നത്.
ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് രണ്ട് മുതിര്‍ന്ന കുട്ടികളുടെ അച്ഛനായിട്ടും വിവാഹത്തിന് 25 വര്‍ഷത്തിന് ശേഷം സഹപ്രവര്‍ത്തകയായ വേദികയ്ക്കൊപ്പം പോകുന്നു. സുമിത്രയുമായി വേര്‍പിരിയുന്നു. ഈ സന്ദര്‍ഭത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ സുമിത്ര സ്വന്തം ഇച്ഛ ശക്തിയാലും ചുറ്റുമുള്ള ചിലരുടെ സഹായത്താലും പുതിയ ജീവിതവും സംരംഭവും എല്ലാം കെട്ടിപ്പടുക്കുന്നു. തനിക്കെതിരെ വേദിക അടക്കം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നു. ശ്രീനിലയം എന്ന വീട്ടിലെ കുടുംബത്തെ കെട്ടുറപ്പോടെ കൊണ്ടുപോകുന്നു.
ഇതേ സമയം സിദ്ധാര്‍ത്ഥിന് വേദികയുമായുള്ള ബന്ധത്തില്‍ തൃപ്തനല്ല. അയാള്‍ക്ക് സുമിത്രയുടെ അടുത്തേക്ക് മടങ്ങിവരണം. അതിനായി ശ്രമിക്കുമ്പോഴാണ് പഴയ സഹപാഠിയും പല സന്ദര്‍ഭങ്ങളിലും സുമിത്രയ്ക്ക് താങ്ങായ രോഹിത്തുമായി സുമിത്രയുടെ വിവാഹം നടന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്.
'പേര് മാറ്റിയത് തിക്കുറിശ്ശി'; 'കൂടെവിടെ' താരം രവി കൃഷ്ണന്‍ പറയുന്നു
സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കും; വൈറലായി കല്ല്യാണ പരസ്യം