ലക്ഷ്‍മി മേനോന്റെയും മിഥുൻ രമേശിന്റെയും വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

സോഷ്യൽ മീഡിയയിലെ പ്രിയ താര ദമ്പതികളാണ് മിഥുൻ രമേശും ലക്ഷ്‍മി മേനോനും. ഇവർ ഒരുമിച്ചുള്ള വീഡിയോകൾ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഇവർ മിക്കപ്പോഴും കണ്ടന്റ് ആക്കാറുള്ളത്. ഇവരുടെ മകൾ തൻവിയും ഇടയ്ക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ടെലിവിഷൻ ഷോ അവതാരകനായാണ് മിഥുൻ കൂടുതൽ ജനപ്രീതി നേ‌ടുന്നത്. ദുബായിൽ റേഡ‍ിയോ ജോക്കിയായ മിഥുൻ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലാകട്ടെ, മിഥുനേക്കാൾ സജീവമാണ് ലക്ഷ്മി.

ഇപ്പോഴിതാ രസകരമായൊരു വീഡിയോയുമായി വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ് മിഥുനും ലക്ഷ്മിയും. മിഥുന്റെ ഷൂസിന്റെയും വാച്ചിന്റെയും കളക്ഷനെ കുറിച്ച് ഒരു ഒരാൾ ചെയ്ത കമന്റും അതിനു മിഥുൻ നൽകിയ മറുപടിയുമായാണ് വീഡിയോ തുടങ്ങുന്നത്. ഇതൊരു സീരിയസ് വീഡിയോ ആണെന്ന് തോന്നുമെങ്കിലും പിന്നീട് ചിരി പടർത്തിക്കൊണ്ടാണ് ലക്ഷ്മിയുടെ രംഗപ്രവേശം.

View post on Instagram

''മിഥുൻ ബ്രോയുടെ ഷൂസിന്റെയും വാച്ചിന്റെയും കലക്ഷൻ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഒന്നുകൂടി കൂടിയേനെ. ലക്ഷ്മി കൂടെ ഇല്ലായിരുന്നെങ്കിൽ ഫുൾ പൈസ മുടക്കി വാച്ചും ഷൂസും വാങ്ങിയേനെ'', എന്നായിരുന്നു കമന്റ്. എന്നാൽ തനിക്കീ സമ്പാദ്യമൊക്കെ ഉണ്ടായത് കല്യാണം കഴിച്ചതിനു ശേഷമാണ് എന്നായിരുന്നു മിഥുന്റെ മറുപടി.

''കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഈ ഉയർച്ചയൊന്നും ഉണ്ടാകില്ലായിരുന്നു. കാര്യമായ സേവിങ്സ് ഒന്നും ഉണ്ടാകാതെ പോയേനെ. കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ കൂടുതൽ സാധനങ്ങൾ വാങ്ങുമായിരുന്നോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കിൽ ഇത്രയും സാധനങ്ങൾ വാങ്ങാനുള്ള സമ്പാദ്യം എന്റെ കയ്യിൽ ഉണ്ടാകുമായിരുന്നില്ല'', എന്നാണ് മിഥുൻ പറ‍ഞ്ഞത്. ഇതിനിടെയായിരുന്നു ലക്ഷ്‍മിയുടെ വരവ്. ഞാനാണ് നിങ്ങളുടെ ഭാഗ്യമെന്ന് പറയാൻ പറഞ്ഞു പഠിപ്പിച്ചിട്ട് എന്തേ പറയാത്തത് എന്നായിരുന്നു ലക്ഷ്‍മിയുടെ ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക