സംവിധാനത്തില്‍ ആദ്യമായി ഒരുമിച്ച് ലാലും മകന്‍ ജീന്‍ പോള്‍ ലാലും. ഇക്കഴിഞ്ഞ 25ന് ചിത്രീകരണം ആരംഭിച്ച 'സുനാമി' എന്ന ചിത്രമാണ് ലാലും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്നത്. തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് ജീന്‍ സംവിധാനം ചെയ്ത അവസാനചിത്രം. അതേസമയം 2016ല്‍ പുറത്തെത്തിയ 'കിംഗ് ലയര്‍' ആണ് ലാല്‍ സംവിധാനം ചെയ്ത അവസാനചിത്രം.

 

'സുനാമി'യുടെ ആദ്യം പുറത്തെത്തിയ സ്വിച്ചോണ്‍ ചടങ്ങിന്റെ പോസ്റ്ററുകളില്‍ ചിത്രത്തിന്റെ സംവിധായകനായി ജീന്‍ പോളിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. രചയിതാവായി ലാലിന്റെ പേരും. എന്നാല്‍ പുതിയ പോസ്റ്ററില്‍ സിനിമയുടെ ടൈറ്റിലിന് താഴെ 'ലാല്‍ ആന്‍ഡ് ജൂനിയര്‍' എന്നാണുള്ളത്. അച്ഛനും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് അജു വര്‍ഗീസ് രംഗത്തെത്തി. 'ആദ്യമായാണ് ഒരു അച്ഛനും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്നത്! സ്‌നേഹം. എ ലാല്‍ ആന്‍ഡ് ജൂനിയര്‍ ഫിലിം', അജു ഇരുവരുടെയും ചിത്രമുള്ള പോസ്റ്ററിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ലാലിന്റെ മരുമകന്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത 'ഡ്രൈവിംഗ് ലൈസന്‍സ്' തീയേറ്ററുകളില്‍ വിജയമായിരുന്നു. സച്ചിയുടേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത 'അണ്ടര്‍വേള്‍ഡി'ല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ജീന്‍ പോള്‍ ലാല്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.