പൊലീസ് കോണ്‍സ്റ്റബിള്‍ ആണ് വിശാലിന്‍റെ നായകന്‍
പൊലീസ് വേഷത്തില്‍ എത്തുമ്പോള്‍ തമിഴ് പ്രേക്ഷകരുടെ കൈയടി പലകുറി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ് വിശാല്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ലാത്തിയും ഒരു പൊലീസ് സ്റ്റോറിയാണ്. മുന്‍പ് റാങ്ക് കൂടിയ പൊലീസ് ഓഫീസര്‍മാരെയാണ് വിശാല്‍ കൂടുതലും അവതരിപ്പിച്ചിട്ടുള്ളതെങ്കില്‍ ഇക്കുറി നായകന്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആണ്. മുരുകാനന്ദം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
എ വിനോദ് കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം റാണ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രമണ, നന്ദ ദുരൈരാജ് എന്നിവര്‍ ചേര്‍ന്നാണ്. സുനൈന നായികയാവുന്ന ചിത്രത്തില്‍ മാസ്റ്റര്‍ ലിറീഷ് രാഘവ്, പ്രഭു, തലൈവാസല്‍ വിജയ്, മുനിഷ്‍കാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ബാലസുബ്രഹ്‍മണ്യം, ബാലകൃഷ്ണ തോട്ട, എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്, സംഗീതം യുവന്‍ ശങ്കര്‍ രാജ, വിതരണം റെഡ് ജയന്‍റ് മൂവീസ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ വലിയ സ്വീകാര്യത ലഭിക്കുന്നില്ല.
വര്‍ഷം രണ്ട് ചിത്രങ്ങള്‍ എന്ന സമീപകാലത്തെ പതിവ് രീതിയില്‍ തന്നെയാണ് ഈ വര്‍ഷവും വിശാല്‍ ചിത്രങ്ങള്‍ എത്തിയത്. ലാത്തി കൂടാതെ തു പ ശരവണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച വീരമേ വാഗൈ സൂടും ആയിരുന്നു വിശാലിന്‍റെ ഈ വര്‍ഷത്തെ മറ്റൊരു റിലീസ്. ഫെബ്രുവരി 4 ന് തിയറ്ററുകളിലെത്തിയ ഈ ചിത്രത്തില്‍ ഒരു പൊലീസ് ട്രെയിനി ആയിരുന്നു വിശാലിന്‍റെ കഥാപാത്രം. ഡിംപിള്‍ ഹയതി, രവീണ രവി, ബാബുരാജ്, യോഗി ബാബു, ജി മാരിമുത്തു, കെ എസ് ജി വെങ്കടേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

