ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിൻ്റെ ആക്ഷൻ രംഗങ്ങളൊരുക്കാൻ പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ലീ വിറ്റാക്കർ മലയാളത്തിലേക്കെത്തുന്നു.  ബാഹുബലി, സൈറാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങൾക്കാണ് ഇതിനുമുമ്പ് ലീ വിറ്റാക്കർ ദക്ഷിണേന്ത്യയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. ഇദ്ദേഹത്തിൻ്റെ ആദ്യ മലയാള ചിത്രമാകും മാലിക്ക്.

കലാപരമായും പ്രമേയം കൊണ്ടും നിരൂപകപ്രശംസ നേടിയ ഹിറ്റ് ചിത്രം ടേക്ക് ഓഫിൻ്റെ സംവിധായകൻ മഹേഷ് നാരായണൻ്റെ രണ്ടാമത്തെ ചിത്രമാണ് മാലിക്ക്. അമേരിക്കയിൽ വച്ച് ടേക്ക് ഓഫ് കാണാനിടയായ ലീ വിറ്റാക്കർക്ക് ചിത്രത്തെക്കുറിച്ചും സംവിധായകനെക്കുറിച്ചും ഉണ്ടായ മതിപ്പാണ് മാലിക്കിൻ്റെ ആക്ഷൻ രംഗങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

25 കോടി ബഡ്ജറ്റിലൊരുങ്ങുന്ന മാലിക്ക് മലയാളത്തിലെ ബ്രഹ്മാണ്ഡചിത്രങ്ങളിലെ പുത്തൻ വിസ്മയമാകാനൊരുങ്ങുകയാണ്. ആൻ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിൽ രൂപത്തിലും ഭാവത്തിലും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറഞ്ഞു. കഥാപാത്രത്തിനായി 15 കിലോയോളം ഭാരം കുറച്ചാണ് ഫഹദ് തയ്യാറെടുത്തിരിക്കുന്നത്. നിമിഷ സജയൻ, ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ എന്നിവരും മാലിക്കിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയകാല താരമായ ജലജയുടെ തിരിച്ചുവരവിനും മാലിക്ക് വേദിയൊരുക്കുന്നു. വിഷുവിനാണ് ചിത്രം പ്രദർശനത്തിനെത്തുക.

രണ്ടു പതിറ്റാണ്ടിലേറെയായി അന്തർദ്ദേശീയ സിനിമയിലെ ആക്ഷൻ രംഗത്തുള്ള ലീ വിറ്റാക്കർ ആദ്യമായി കോറിയോഗ്രഫി നിർവ്വഹിച്ച ഇന്ത്യൻ ചിത്രം കമൽഹാസൻ നായകനായ വിശ്വരൂപമാണ്. ക്യാപറ്റൻ മാർവെൽ, എക്സ് മെൻ അപ്പോകാലിപ്സ്, ജുറാസിക് പാർക്ക്-3 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളാണ് ലീയെ പ്രശസ്തനാക്കിയത്.