അച്ഛന്റെ തുറന്നു പറച്ചിൽ കേട്ട് താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും ജാക്കി ചാന്‍.
ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള നടനാണ് ജാക്കി ചാൻ. അദ്ദേഹത്തിന്റെ ആക്ഷനുകൾക്ക് മാത്രം തന്നെ ആരാധകർ ഏറെയാണ്. ഇന്നും മലയാളികൾ അടക്കമുള്ളവർ ഏറെ കൗതുകത്തോടെ നോക്കി കാണുന്ന ഒട്ടനവധി സിനിമകൾ ജാക്കി ചാന്റേതായുണ്ട്. ഇപ്പോഴിതാ തന്റെ പിതാവ് ഒരു ചാരനായിരുന്നുവെന്ന് ജാക്കി ചാൻ സ്ഥിരീകരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
തന്റെ പേരിലുള്ള ചാൻ എന്നത് യഥാർത്ഥ പേരല്ലെന്നും താരം വെളിപ്പെടുത്തി. അമേരിക്കന്‍ പ്രസിദ്ധീകരണമായ പീപ്പിള്‍ മാഗസിനോട് ആയിരുന്നു ഇതിഹാസ താരത്തിന്റെ വെളിപ്പെടുത്തൽ എന്ന് ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. തന്റെ നാല്പതാമത്തെ വയസിലാണ് പിതാവ് ചാരനായിരുന്നെന്ന കാര്യ അറിഞ്ഞതെന്നും ജാക്കി ചാൻ പറഞ്ഞു.
'വളരെ സുന്ദരനായിട്ടുള്ള ആളായിരുന്നു എന്റെ പിതാവ്. അദ്ദേഹം ഒരു ചാരനും ആയിരുന്നു. എനിക്ക് ഒരു നാല്പത് വയസ് പ്രായം വരും. അപ്പോഴാണ് പിതാവിന്റെ ഈ രഹസ്യം ഞാൻ അറിയുന്നത്. ഒരു ദിവസം ഞാനും അച്ഛനും കൂടി കാറിൽ പോകുകയായിരുന്നു. ഇതിനിടെ 'മോനേ എനിക്ക് പ്രായമായി വരികയാണ്. ഞാൻ ചിലപ്പോൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വീഴുമാകും. അതിന് മുൻപ് എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട്. നീ ചാൻ അല്ല. നിന്റെ യഥാർത്ഥ പേര് ഫാങ് എന്നാണ്' എന്ന് അദ്ദേഹം പറഞ്ഞു. ചാരനായിരുന്നെന്ന അച്ഛന്റെ തുറന്നു പറച്ചിൽ കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ആ ഭൂതകാലം അംഗീകരിക്കാൻ തുടക്കത്തിൽ ഞാൻ വളരെ ബുദ്ധിമുട്ടി', എന്നായിരുന്നു ജാക്കി ചാന്റെ വാക്കുകൾ.
2003ൽ പുറത്തിറങ്ങിയ 'ട്രെയ്‌സ് ഓഫ് ദി ഡ്രാഗൺ: ജാക്കി ചാൻ ആൻഡ് ഹിസ് ലോസ്റ്റ് ഫാമിലി', എന്ന ഡോക്യുമെന്ററിയിൽ നടന്റെ ജീവിതം പൂർണമായും വിവരിച്ചിരുന്നു. 1940കളില്‍ ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ജാക്കി ചാന്റെ പിതാവ് ചാരനായി പ്രവര്‍ത്തിച്ചിരുന്നതായി അതിൽ കാണിക്കുകയും ചെയ്തു. കറുപ്പ് കടത്തലുകാരിയും ചൂതാട്ടക്കാരിയുമായിരുന്നു അമ്മയെന്നും ഡോക്യുമെന്ററിയിൽ പരാമർശിച്ചിരുന്നു. ഇക്കാര്യം യാഥാർത്ഥ്യമാണെന്നാണ് ഇപ്പോൽ ജാക്കി ചാൻ തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്.


