ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം എത്തുന്ന പ്രേക്ഷകാഭിപ്രായങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് കോളിവുഡ്
തെന്നിന്ത്യന്‍ സിനിമാലോകത്ത് സമീപകാലത്തെങ്ങും ഒരു സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് ലിയോ. ചിത്രം തിയറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സിനിമാപ്രേമികളുടെ മനസിലുള്ള പ്രധാന ചോദ്യം ലിയോ എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗം ആയിരിക്കുമോ എന്നതാണ്. ഇതിന് ആണെന്നോ അല്ലെന്നോ ഉള്ള ഉത്തരം സംവിധായകന്‍ ലോകേഷ് കനകരാജോ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാറോ പറഞ്ഞിട്ടില്ല. എന്നാല്‍ റിലീസിന് മുന്‍പ് നല്‍കിയ ചില അഭിമുഖങ്ങളില്‍ ലിയോ എല്‍സിയുവിന്‍റെ ഭാഗമായിരിക്കില്ലെന്ന് പറയാതെ പറഞ്ഞെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ലോകേഷ് പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണെന്ന് സിനിമാപ്രേമികള്‍ വീണ്ടും സംശയിക്കാനിടയായ ഒരു എക്സ് പോസ്റ്റ് ഇന്ന് രാവിലെ എത്തിയിരുന്നു. നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍ ചിത്രം കണ്ടതിന് ശേഷമിട്ട പോസ്റ്റ് ആയിരുന്നു അത്. ലോകേഷിന്‍റെ ഗംഭീര ഫിലിം മേക്കിംഗ് ആണെന്നും അനിരുദ്ധിന്‍റെ സംഗീതവും അന്‍പറിവിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫിയും നന്നായെന്നും പറഞ്ഞുള്ള പോസ്റ്റില്‍ വിജയിക്കും നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയ്ക്കുമുള്ള കൈയടിയും ഉണ്ടായിരുന്നു. അതേസമയം പോസ്റ്റിനൊപ്പം എല്‍സിയു എന്ന ടാഗും ഉദയനിധി ചേര്‍ത്തതാണ് ആരാധകരെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുപോയത്. ഇപ്പോഴിതാ ആ പോസ്റ്റ് പങ്കുവച്ചുകൊണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.
"മനോഹരമായ ഈ ആശംസയ്ക്ക് നന്ദി സര്‍. താങ്കള്‍ക്ക് ചിത്രം ഇഷ്ടമായെന്ന് അറിയുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്", എന്നാണ് ഉദയനിധിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ലോകേഷ് കുറിച്ചിരിക്കുന്നത്. എല്‍സിയു എന്ന് ഉദയനിധി സൂചിപ്പിച്ചതിനെ അംഗീകരിച്ചുകൊണ്ടുള്ളതാണ് ലോകേഷിന്‍റെ ഈ പോസ്റ്റ് എന്നതാണ് ആരാധകരില്‍ വലിയൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അതേസമയം റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സിനിമാപ്രേമികളുടെ ആവേശം ഉയരത്തിലാണ്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം എത്തുന്ന പ്രേക്ഷകാഭിപ്രായങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് കോളിവുഡ്. പോസിറ്റീവ് വരുന്നപക്ഷം തമിഴ് സിനിമയുടെ ചരിത്രത്തിലെ മികച്ച കളക്ഷനാവും ലിയോ സ്വന്തമാക്കുക.
