അന്തരിച്ച നടൻ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രം ദില്‍ ബെചാര ഒടിടി പ്ലാറ്റ്‍ഫോമില്‍ റിലീസ് ചെയ്യുകയാണ്. ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുശാന്ത് അവസാനമായി അഭിനയിച്ച സിനിമയെന്ന നിലയില്‍ ചിത്രം തിയറ്ററിലെത്തുന്നതിനായി ആരാധകര്‍ കാത്തിരുന്നിരുന്നു. സുശാന്തിന്റെ മരണം വലിയ ഞെട്ടലാണ് എല്ലാവരിലും ഉണ്ടാക്കിയത്. സുശാന്തിന്റെ അവസാന സിനിമയ്‍ക്കായി കാത്തിരിക്കുന്നവര്‍ക്കായി നന്ദി പറയുകയും ചിത്രം ആഘോഷമാക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ് നായിക സഞ്‍ജന.

ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള ആദരവും സ്‍നേഹവും പ്രകടിപ്പിക്കുന്നതിനായി സൗജന്യമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മികച്ച ഒരു ചിത്രമായിരിക്കും ഇതെന്നുതന്നെയാണ് ആരാധകര്‍ കരുതുന്നത്. അതേസമയം ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാത്തതിന്റെ സങ്കടവും ആരാധകര്‍ക്കുണ്ട്. മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു ഇതിഹാസ ജീവിതം ആഘോഷമാക്കി മാറ്റാമെന്നാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് നായിക സഞ്‍ജനയ്‍ക്ക് പറയാനുള്ളത്. കൊവിഡ് 19 ആയതിനാല്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയറ്ററ്‍ റിലീസ് സാധ്യമല്ല. സ്‍ക്രീനിന്റെ വലിപ്പം കാര്യമാക്കേണ്ട. നമ്മുടെ ഹൃദയത്തിന്റെ വലിപ്പമാണ് സിനിമയ്‍ക്ക് വേണ്ടത്. എന്റെ വിശ്വാസം അനുസരിച്ച് സുശാന്തിന്റെ മികച്ച ചിത്രമാണ് ഇത്. നമുക്ക് അത് ആഘോഷമാക്കാം എന്നും സഞ്‍ജന പറയുന്നു. അടുത്ത മാസം ജൂലൈ 24 ആണ് ചിത്രത്തിന്റെ റിലീസ് തിയതി.