മദ്യം സുപ്രധാന കഥാപാത്രം ആയതിനാൽ 'കൊറോണ ജവാൻ' എന്നായിരുന്നു സിനിമക്ക് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ സെൻസർ ബോർഡിൻറെ ആവശ്യപ്രകാരം പേരിലെ ജവാൻ മാറ്റി ധവാൻ എന്നാക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായി
ശ്രീനാഥ് ഭാസി, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നിതിൻ സി.സി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'കൊറോണ ധവാൻ'. ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമ്മിച്ച ചിത്രം ഓഗസ്ത് 4 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് പിന്തുണ നൽകിക്കൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ച വിഷയം.
കൊറോണകാലത്തിന്റെ പശ്ചാത്തലത്തിൽ, ആനത്തട്ടം ദേശത്തെ മദ്യപാന്മാർക്ക് ലോക്ക്ഡൗണിൽ മദ്യം ലഭിക്കാതിരുന്നതിനെ തുടർന്ന് അവർ നേരിടുന്ന അവസ്ഥകളും പ്രതിസന്ധികളുമാണ് 'കൊറോണ ധവാൻ'ന്റെ പ്രമേയം. മദ്യം സുപ്രധാന കഥാപാത്രം ആയതിനാൽ 'കൊറോണ ജവാൻ' എന്നായിരുന്നു സിനിമക്ക് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ സെൻസർ ബോർഡിൻറെ ആവശ്യപ്രകാരം പേരിലെ ജവാൻ മാറ്റി ധവാൻ എന്നാക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിതരായി.
സിനിമ റിലീസ് ചെയ്ത് ആറ് ദിനങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന് പിന്തുണ നൽകിക്കൊണ്ട് ലിജോ ജോസ് പങ്കുവെച്ചത് 'കൊറോണ ജവാൻ' എന്ന പേരിൽ നേരത്തെ പുറത്തുവിട്ട പോസ്റ്ററാണ്. സെന്‍സര്‍ ബോര്‍ഡിനോടുള്ള പ്രതിഷേധമായിട്ടാണ് സിനിമപ്രേമികൾ ഈയൊരു പോസ്റ്റിനെ കണക്കാക്കുന്നത്. കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയുമൊക്കെ ഭീകരത നേരിട്ടനുഭവിച്ച ആളുകളിലേക്കാണ് ഒരു മുഴുനീള കോമഡി എന്റർടൈനറായി 'കൊറോണ ധവാൻ' എത്തിയിരിക്കുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് നൽകുന്നത്. സുജയ് മോഹൻരാജിന്റെതാണ് തിരക്കഥ.
ജോണി ആൻ്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുഗത, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജനീഷ് ജയാനന്ദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് അജീഷ് ആനന്ദാണ്. റിജോ ജോസഫ് സംഗീതം പകരുന്ന ചിത്രത്തിന് ബിബിൻ അശോകാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത്.
