'കൈതി 2' ഉപേക്ഷിച്ചിട്ടില്ലെന്നും അല്ലു അർജുൻ നായകനാവുന്ന തെലുങ്ക് ചിത്രത്തിന് ശേഷം അത് ആരംഭിക്കുമെന്നും സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കി.
തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- കാർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'കൈതി 2'. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന എൽസിയു പിറവി കൊള്ളാനും കൈതി കാരണമായി. രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'കൂലി' എന്ന ചിത്രത്തിന് ശേഷം കൈതി 2 ചിത്രീകരണം ആരംഭിക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും ലോകേഷ് ചെന്നെത്തിയത് തെലുങ്കിലേക്കായിരുന്നു. അല്ലു അർജുൻ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ അപ്‌ഡേറ്റുകൾ വന്നതോടെ കൈതി 2 ഉപേക്ഷിച്ചുവെന്ന ചർച്ചകൾ തമിഴകത്ത് സജീവമായി.
എന്നാൽ ഇപ്പോഴിതാ കൈതി 2 വിന്റെ കാര്യത്തിൽ ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. അല്ലു അർജുനെ നായകനാക്കി ഒരുക്കുന്ന തെലുങ്ക് ചിത്രത്തിന് ശേഷം കൈതി 2 ആരംഭിക്കുമെന്നാണ് ലോകേഷ് പ്രസ് മീറ്റിൽ പറഞ്ഞത്. താൻ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വരികയും ചെയ്തതുകൊണ്ടല്ല അല്ലു അർജു ചിത്രത്തിലേക്ക് നീങ്ങിയതെന്നും ലോകേഷ് വ്യക്തമാക്കി. രജനികാന്ത്- കമൽ ഹാസൻ ചിത്രത്തിൽ നിന്നും പിന്മാറിയതിനുള്ള കാരണവും ലോകേഷ് വ്യക്തമാക്കി.
"രജനീകാന്ത് സാറിനൊപ്പവും കമൽഹാസൻ സാറിനൊപ്പവും ആ സിനിമ ചെയ്യാൻ ഞാൻ ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. ഞാൻ ഒരു ആക്ഷൻ തിരക്കഥ പറഞ്ഞു, അത് രണ്ടുപേർക്കും വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇരുവരും അടുത്തിടെ ധാരാളം ആക്ഷൻ സിനിമകൾ ചെയ്തതുകൊണ്ട് തന്നെ ചെറിയ ഒരു സിനിമയായിരുന്നു അവർ ആവശ്യം. എനിക്ക് അത്തരത്തിലുള്ള സിനിമ എഴുതാൻ കഴിയില്ല, അതുകൊണ്ടാണ് ഞാൻ ആ പ്രോജക്റ്റിൽ നിന്ന് പിന്മാറിയത്." ലോകേഷ് പറഞ്ഞു.
"രജനി സാറും കമൽ സാറും ഉള്ള സിനിമ കാരണം, ഞാൻ നിർമാതാക്കളോട് കുറച്ചു സമയം ചോദിച്ചിരുന്നു. പിന്നീട്, ഞാൻ ആ പ്രോജക്റ്റ് ഉപേക്ഷിച്ചപ്പോൾ, കാർത്തി സാർ മറ്റൊരു ചിത്രത്തിലേക്ക് പോയി. ഇപ്പോൾ കൈതി 2 ന് മുമ്പ് എനിക്ക് കുറച്ച് സമയമുണ്ട്. അതേസമയം, മൈത്രി മൂവി മേക്കേഴ്‌സ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് എനിക്ക് അഡ്വാൻസ് നൽകിയിരുന്നു, അല്ലു അർജുൻ സാറിനൊപ്പം പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയാണ് AA23 ആരംഭിച്ചത്. എന്നാൽ ഇതിന് ശേഷമുള്ള എന്റെ സിനിമ കൈതി 2 ആയിരിക്കുമെന്നും LCU ഉടൻ അവസാനിക്കില്ലെന്നും എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. എൽസിയുവിൽ നിന്ന് ഇനിയും സിനിമകൾ വരും." ലോകേഷ് വ്യക്തമാക്കി.
ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ലോകേഷ്- അല്ലു അർജുൻ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അല്ലു അർജുന്റെ കരിയറിലെ ഇരുപത്തുമൂന്നാം ചിത്രമാണിത്. ലോകേഷ് വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 75 കോടിയാണ് പറയപ്പെടുന്ന പ്രതിഫലം. രജനികാന്ത് ചിത്രം കൂലിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.



