ഷാരൂഖ് ഖാനോട് ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ലോകേഷ് കനകരാജ്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജവാൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല താരങ്ങള്‍ വരെ ചിത്രം കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. സംവിധായകൻ ലോകേഷ് കനകരാജും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. അതിനുള്ള ഷാരൂഖ് ഖാന്റെ മറുപടിയും സംവിധായകൻ തിരിച്ച് പ്രതികരിച്ചതുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ജവാൻ വമ്പൻ വിജയമാകട്ടേ എന്ന് ആശംസിക്കുന്നുവെന്ന് ആയിരുന്നു നായകൻ ഷാരൂഖ് ഖാനെയും അറ്റ്‍ലിയെയും അനിരുദ്ധ് രവിചന്ദറിനെയും നയൻതാരയെയും വിജയ് സേതുപതിയെയും ടാഗ് ചെയ്‍ത് ലോകേഷ് കനകരാജ് എഴുതിയത്. പിന്നാലെ നന്ദി പറഞ്ഞ് ഷാരൂഖും രംഗത്ത് എത്തി. ദയവായി താങ്കള്‍ സിനിമ കാണാൻ കുറച്ച് സമയം കണ്ടെത്തണം. തമിഴില്‍ ജവാൻ കാണണമെന്നും ലോകേഷിനോട് താരം അഭ്യര്‍ഥിച്ചു. എന്നിട്ട് എന്നോട് അഭിപ്രായം പറയണം. താങ്കളുടെ ലിയോയ്‍ക്ക് എന്റെ സ്‍നേഹം അറിയിക്കുന്നു എന്നും ഷാരൂഖ് വ്യക്തമാക്കി. താങ്കള്‍ എല്ലാം മികച്ചതാക്കിയിട്ടുണ്ടാകും എന്ന് തനിക്ക് ഉറപ്പുണ്ടെന്നായിരുന്നു തമിഴ് പതിപ്പില്‍ അഭിപ്രായം പറയാൻ നിര്‍ദ്ദേശിച്ചതിന് ലോകേഷ് കനകരാജിന്റെ മറുപടി. മാത്രവുമല്ല ലിയോ താങ്കള്‍ക്കൊപ്പം കാണാൻ താൻ ആഗ്രഹിക്കുന്നു. അക്കാര്യത്തില്‍ താങ്കള്‍ എന്തു പറയുന്നുവെന്ന് ചോദിക്കുകയും ചെയ്യുന്നു ലോകേഷ് കനകരാജ്.

Scroll to load tweet…

ജവാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് ജവാൻ എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാനെ നായകനാക്കിയും അറ്റ്‍ലി തന്റെ കഴിവ് തെളിയിച്ചിരിക്കുന്നുവെന്ന് ജവാൻ കണ്ട പ്രേക്ഷകര്‍ പ്രതികരിക്കുന്നു. നയൻതാരയുടെ പ്രകടനവം പ്രശംസ നേടുന്നു. പതിവുപോലെ വിജയ് സേതുപതി വില്ലൻ കഥാപാത്രം ഭംഗിയാക്കിയിരിക്കുന്നു.

ചിത്രത്തിലെ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തെയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു. എന്നാല്‍ ഒരു തമിഴ് സംവിധായകന്റെ ചിത്രം ആയപ്പോള്‍ ഷാരൂഖ് ഖാന് പഴയ കരിസ്‍മ കാട്ടാനാകുന്നില്ല എന്നും ചില പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു. ഷാരൂഖ് ഖാന് കോമഡി രംഗങ്ങളില്‍ ചിത്രത്തില്‍ മികവ് പുലര്‍ത്താനായില്ല. എങ്കിലും ഷാരൂഖ് ഖാന്റെ മാസ് സിനിമ കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മികച്ച ഒന്നായിരിക്കും ജവാൻ എന്നും ഭൂരിഭാഗംപേരും പറയുന്നു.

Read More: പഠാനെ മറികടക്കുമോ അറ്റ്‍ലിയുടെ ജവാൻ, ആദ്യ പ്രതികരണങ്ങള്‍, മാസായി ഷാരൂഖ് ഖാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക