ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം

ചില താരങ്ങളും സംവിധായകരും തമ്മില്‍ കൂടിച്ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ഒരു ആവേശമുണ്ട്. അക്കാരണം മാത്രം മതി ചില ചിത്രങ്ങള്‍ക്ക് പ്രീ റിലീസ് ഹൈപ്പ് ലഭിക്കാന്‍. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ ഈ ഗണത്തില്‍ പെടുത്താം. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഒരു അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്. 

സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് പറയുന്നു. അതിന് മുന്നോടിയായി ഒരു ടീസര്‍ പുറത്തുവിടുമെന്നും. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രവുമാണ്. ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി വരുന്ന ചിത്രമല്ലെന്നും മറിച്ച് ഒരു സ്റ്റാന്‍ഡ്എലോണ്‍ ചിത്രമായിരിക്കുമെന്നം ലോകേഷ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. 

അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ ആണ് രജനിയുടെ അടുത്ത ചിത്രം. അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഫൈനല്‍ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് ആയിരിക്കും. സിനിമയുടെ ചിത്രീകരണം തുടങ്ങിയതും തിരുവനന്തപുരത്ത് ആയിരുന്നു. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.

ALSO READ : കുണാല്‍ കേമുവിന്‍റെ സംവിധാന അരങ്ങേറ്റം; 'മഡ്‍ഗാവ് എക്സ്‍പ്രസ്' ആദ്യ 3 ദിനങ്ങളില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം