തിരിച്ചടി, വിജയ്‍യുടെ ലിയോയുടെ റിലീസ് തടഞ്ഞ് ഹൈദരാബാദ് കോടതി
വിജയ്‍യുടെ ലിയോയുടെ തെലുങ്കിന് തിരിച്ചടി.

ചരിത്ര വിജയമായിരിക്കും ലിയോയെന്നാണ് പ്രതീക്ഷ. ലിയോയ്‍ക്ക് ലഭിക്കുന്നതും അത്രയും ഹൈപ്പാണ്. തമിഴ്‍നാട്ടില്‍ മാത്രമല്ല ലോകമെമ്പാടും വിജയ് ചിത്രം ലിയോ റിലീസ് ചെയ്യുന്നുണ്ട്. എന്നാല്‍ തെലുങ്കില്‍ വിജയ് നായകനാകുന്ന ചിത്രത്തിന് പ്രതിസന്ധികളാണെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലിയോ തെലുങ്കിന്റെ റിലീസിന് സ്റ്റേ വന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ലിയോ തെലുങ്കിന്റെ റിലീസ് ഹൈദരാബാദിലെ ഒരു കോടതി 20 വരെ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേരിനെ ചൊല്ലിയാണ് തര്‍ക്കം. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ന് തന്നെ തെലുങ്കിലും സാധ്യമാക്കാൻ ശ്രമം നടത്തുന്നുണ്ട് എന്നും വൈകാതെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.
തമിഴ്‍നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല. തമിഴ്‍നാട്ടിലും നാല് മണിക്ക് തന്നെ ഷോ നടത്തണമെന്ന നിര്‍മാതാവിന്റെ ആവശ്യം ചെന്നൈ ഹൈക്കോടതി തള്ളിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‍നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. ഇതിനകം വിജയ്‍യുടെ ലിയോ 100 കോടി രൂപ നേടിയിട്ടുണ്ട്. വിജയ് നായകനായി എത്തുന്ന ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Read More: ബാഷയുടെ റീമേക്കില്‍ അജിത്തോ വിജയ്‍യോ, സംവിധായകന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക