ബിഗ് ബജറ്റ് തെലുങ്ക് ചിത്രം സെയ്‍റ നരസിംഹ റെഡ്ഡിയുടെ കേരള ലോഞ്ചിന് എത്തിയപ്പോഴാണ് ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് റൈറ്റ്സ് താന്‍ വാങ്ങിയതിനെക്കുറിച്ച് ചിരഞ്ജീവി ആദ്യം പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സംവിധായകനെ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു.

സുജീതിനെ പ്രോജക്ടില്‍ നിന്ന് നീക്കിയപ്പോള്‍ത്തന്നെ കേട്ടിരുന്ന വിവി വിനായകിന്‍റെ പേരാണ് ലൂസിഫര്‍ റീമേക്ക് സംവിധായകനായി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചിരഞ്ജീവിയുടെ താല്‍പര്യപ്രകാരമാണ് ഇതെന്നും കേള്‍ക്കുന്നു. ആദി, ടാഗോര്‍, ബണ്ണി, ബദ്രിനാഥ്, ഖൈദി നമ്പര്‍ 150 തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിനായക്. ചിരഞ്ജീവി തന്‍റെ പുതിയ ചിത്രം ആചാര്യയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ ലൂസിഫര്‍ റീമേക്ക് തുടങ്ങുമെന്ന് അറിയുന്നു.

 

അതേസമയം ലൂസിഫര്‍ ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളൊന്നും വരുത്താത്ത റീമേക്കിനാണ് ചിരഞ്ജീവി നിലവില്‍ ഒരുങ്ങുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ലുക്കിലാവും ചിരഞ്ജീവി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ആചാര്യ പൂര്‍ത്തിയാക്കിയതിനു ശേഷം ഈ കഥാപാത്രത്തിനുവേണ്ട മേക്കോവറിനും മറ്റുമായി ചിരഞ്ജീവി സമയം ചിലവഴിക്കും. എന്‍ വി പ്രസാദുമായി ചേര്‍ന്ന് കൊനിഡേല പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.