എന്നാല്‍ കാത്തിരിക്കേണ്ടിവരും

ദുല്‍ഖറിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായിരുന്നു ലക്കി ഭാസ്കര്‍. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തിയ തെലുങ്ക് ചിത്രത്തിന്‍റെ രചനയും സംവിധാനവും വെങ്കി അറ്റ്ലൂരി ആയിരുന്നു. പിരീഡ് ക്രൈം ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു സാധാരണ ബാങ്ക് ജീവനക്കാരില്‍ നിന്നും ദുല്‍ഖറിന്‍റെ ഭാസ്കര്‍ നേടുന്ന അതിശയിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് ദൃശ്യവത്‍കരിച്ചത്. തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ചിത്രത്തിന് തുടര്‍ച്ചയുണ്ടാവും എന്നതാണ് അത്.

ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാവുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിലാണ് വെങ്കി അറ്റ്ലൂരി അറിയിച്ചത്. തന്‍റെ മറ്റൊരു വിജയചിത്രമായ, ധനുഷ് നായകനായ സാറിന് രണ്ടാം ഭാഗം ഉണ്ടാവില്ലെന്നും ഇതേ അഭിമുഖത്തില്‍ വെങ്കി അറ്റ്‍ലൂരി പറയുന്നുണ്ട്. അതേസമയം ലക്കി ഭാസ്കര്‍ 2 നായി സിനിമാപ്രേമികള്‍ക്ക് കുറച്ചുകാലം കാത്തിരിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. സൂര്യ നായകനാവുന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നിലവില്‍ വെങ്കി അറ്റ്‍ലൂരി.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് സൂര്യ 46 എന്നാണ് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണ് ഇത്. ജൂണ്‍ 9 ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഫോര്‍ഡ്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. മെയ് 19 ന് ആയിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഇത് മലയാളി സിനിമാപ്രേമികള്‍ക്ക് ചിത്രത്തോട് കൂടുതല്‍ താല്‍പര്യം ഉണ്ടാക്കുന്ന ഘടകമാണ്. തന്‍റെ അവസാന ചിത്രമായ ലക്കി ഭാസ്കറിലെ എഡിറ്ററെയും ഛായാഗ്രാഹകനെയുമാണ് ഇത്തവണയും വെങ്കി അറ്റ്ലൂരി ഒപ്പം കൂട്ടുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നവീന്‍ നൂലിയാണ്. കരിയറില്‍ താന്‍ നേരിടുന്ന പരാജയ തുടര്‍ച്ചയ്ക്ക് ഈ ചിത്രത്തിലൂടെ അവസാനം കാണാനാവുമെന്നാണ് സൂര്യയുടെ പ്രതീക്ഷ.

അതേസമയം ലക്കി ഭാസ്കര്‍ നെറ്റ്ഫ്ലിക്സില്‍ കാണാനാവും. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്