ഈ ചിത്രത്തിലെ പശ്ചാത്തല സം​ഗീതത്തിനും ജയചന്ദ്രന് തന്നെയാണ് പുരസ്കാരം. 

യസൂര്യ, അതിഥി റാവു, ദേവ് മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘സൂഫിയും സുജാതയും’. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഈ ചിത്രത്തിലെ ​ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സം​ഗീത സംവിധായകനായി മാറി. 'വാതുക്കല് വെള്ളരിപ്രാവ്..'എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയതിനാണ് പുരസ്കാരം. 

​ഗസലുകളുടെയും സൂഫി സം​ഗീതത്തിന്റെയും മനോഹരമായ മിശ്രണത്തിലൂടെ പ്രണയത്തിന്റെ ആത്മീയവും മായികവുമായ ഭാവങ്ങൾ അനുഭവിപ്പിച്ച സം​ഗീത മികവ് എന്നാണ് ​ഗാനത്തിന് ജൂറി നൽകിയ വിലയിരുത്തൽ. 50,000രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 

ഈ ചിത്രത്തിലെ പശ്ചാത്തല സം​ഗീതത്തിനും ജയചന്ദ്രന് തന്നെയാണ് പുരസ്കാരം. പ്രണയവും സൂഫിസവും ആത്മീയതയും കലർന്ന കഥാപശ്ചാത്തലത്തിന് തികച്ചും അനുയോജ്യമായ രീതിയിൽ സം​ഗീതം സന്നിവേശിപ്പിച്ചുവെന്നാണ് ജൂറിയുടെ വിലയിരുത്തൽ. 50,000രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

അന്തരിച്ച ഷാനവാസ് നാരായണിപുഴയുടെ സംവിധാനത്തിൽ 2020 ജൂലൈയിൽ പുറത്തിറങ്ങിയ ചിത്രമാണ് സൂഫിയും സുജാതയും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിയറ്ററുകൾ അടച്ചിട്ടിരുന്ന സാഹചര്യത്തിൽ ആമസോൺ പ്രെെമിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്. മലയാളത്തിൽ ആദ്യമായി ഓൺലെെൻ റിലീസ് ചെയ്‌ത സിനിമയെന്ന പ്രത്യേകതയും ‘സൂഫിയും സുജാതയും’ സ്വന്തമാക്കിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റായിരുന്നു. സംഗീതത്തിനു ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്‘ എന്ന പാട്ട് ജനഹൃദയങ്ങളിൽ കയറി പറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോഴും ഈ ​ഗാനത്തിന് ആസ്വാദകർ ഏറെയാണ്. അതിന്റെ തെളിവ് തന്നെയാണ് ​ഗാനത്തിലൂടെ എം ജയചന്ദ്രന് ലഭിച്ച അംഗീകാരവും.