വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 

ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇന്ത്യയിലെ ഭാഷാ സിനിമകള്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നത് സാധ്യതകളുടെ പുതുവാതിലുകളാണ്. തെന്നിന്ത്യന്‍ സിനിമകള്‍ ആ ഭാഷ അറിയാവുന്നവരാണ് മുന്‍പ് ഭൂരിഭാഗവും കണ്ടിരുന്നതെങ്കില്‍ ഒടിടി ജനകീയമായതിനു ശേഷം അങ്ങനെയല്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളൊക്കെ ഇന്ന് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ ഒടിടിയിലൂടെ കാണുന്നുണ്ട്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍. ഈ വാരാന്ത്യം ഒടിടിയില്‍ പ്രദര്‍ശനമാരംഭിച്ച ഒരു ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ രാജ്യമൊട്ടാകെ ഇപ്പോള്‍ തരംഗം തീര്‍ക്കുകയാണ്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം മാമന്നനാണ് അത്.

വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്. ജൂലൈ 27 നാണ് ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സില്‍ എത്തിയത്. തിയറ്ററില്‍ തമിഴ്നാട്ടില്‍ മാത്രമാണ് ചിത്രം കാര്യമായി സ്വീകരിക്കപ്പെട്ടതെങ്കില്‍ അണിയറക്കാരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ഒടിടി റിലീസിന് ശേഷം ലഭിക്കുന്നത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന വിവരമനുസരിച്ച് റിലീസ് ചെയ്യപ്പെട്ട ദിവസം മുതലിങ്ങോട്ട് തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് മാമന്നന്‍. ഒരു ചിത്രത്തിന്‍റെ ജനപ്രീതി എത്രയെന്ന് പറയുന്ന കണക്കാണ് ഇത്.

Scroll to load tweet…

പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണിത്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന്‍ ആണ്. വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന കഥാപാത്രം ഫഹദിന്‍റെ ഇതുവരെയുള്ള കരിയറിലെ ശ്രദ്ധേയമായ ഒന്നാണ്. സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷിക്കുന്നതും ഫഹദിന്‍റെ കഥാപാത്രത്തെയാണ്. എന്നാല്‍ സംവിധായകന്‍ പ്രതിനായക പരിവേഷം നല്‍കിയിരിക്കുന്ന ഒരു ക്രൂരനായ കഥാപാത്രത്തെ ആഘോഷിക്കുന്ന പ്രേക്ഷക മനസ്ഥിതിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

ALSO READ : ഹൗസ്‍ഫുള്‍ ഷോകളുമായി വാരാന്ത്യം സ്വന്തമാക്കി 'സത്യനാഥന്‍'; ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക