പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രം
തിയറ്ററുകളും ടെലിവിഷന്‍ ചാനലുകളുമല്ലാതെ സിനിമകള്‍ക്ക് സമീപകാലത്ത് കിട്ടിയ അധിക വേദിയാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍. നിര്‍മ്മാതാവിന് അധിക വരുമാനം എന്നതിന് പുറമെ അധിക പ്രേക്ഷകരിലേക്ക് സിനിമ എത്താനുള്ള മാര്‍ഗം കൂടിയാണ് ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോമുകള്‍. നെറ്റ്ഫ്ലിക്സ്, ആമസോണ്‍, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ അടക്കമുള്ള പ്രമുഖ പ്ലാറ്റ്ഫോമുകളിലെ റിലീസുകളിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് സാധാരണ ലഭിക്കാത്ത തരത്തിലുള്ള വമ്പന്‍ റീച്ച് ആണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമകള്‍ക്ക് റിലീസ് ഇല്ലാത്ത പല വിദേശ മാര്‍ക്കറ്റുകളിലേക്ക് പോലും ഇത്തരത്തില്‍ എത്താനാവും. ഇപ്പോഴിതാ ഒടിടി റിലീസിലൂടെ വാര്‍ത്ത സൃഷ്ടിക്കുന്ന പുതിയ ചിത്രം തമിഴില്‍ നിന്നുള്ള മാമന്നന്‍ ആണ്.
വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 29 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ജൂലൈ 27 നാണ് ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സില്‍ ചിത്രം എത്തിയത് എത്തിയത്. ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റിലേക്ക് ആദ്യം തന്നെ ഇടംപിടിച്ച ചിത്രം പക്ഷേ അവിടം കൊണ്ടും അവസാനിപ്പിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സിന്‍റെ തന്നെ കണക്ക് അനുസരിച്ച് അവരുടെ ഗ്ലോബല്‍ ടോപ്പ് 10 ല്‍ (ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍) 9-ാം സ്ഥാനത്താണ് നിലവില്‍ മാമന്നന്‍.

ഒരു വാരം കൊണ്ട് 12 ലക്ഷം കാഴ്ചകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യ കൂടാതെ ബഹ്റിന്‍, മലേഷ്യ, മാലിദ്വീപ്, ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലും ചിത്രം ടോപ്പ് 10 ലിസ്റ്റില്‍ ഉണ്ട്. ഇതില്‍ ഇന്ത്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുമാണ് ചിത്രം. പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രം പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന്‍ ആണ്. വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെ ഫഹദ് ഫാസില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിന്‍റെ കഥാപാത്രത്തെ വലിയ തോതില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ALSO READ : 'ബ്രോ ഡാഡി' റീമേക്കില്‍ 'ഡാഡി' ഉണ്ടാവില്ല; ചിരഞ്ജീവി ആവശ്യപ്പെട്ട പ്രധാന വ്യത്യാസം
