പ്രമുഖരായ ആള്‍ക്കാരെക്കുറിച്ച് പലപ്പോഴും വ്യാജ മരണ വാര്‍ത്തകള്‍ വരാറുണ്ട്. വ്യാജ മരണ വാര്‍ത്തകള്‍ സിനിമാ താരങ്ങളെ കുറിച്ചാണ് അധികമായി വരാറുള്ളത്. ചിലര്‍ രൂക്ഷമായി അതിനെതിരെ പ്രതികരിച്ച് രംഗത്തു വരാറുണ്ട്, മറ്റ് ചിലര്‍ അതിനെ അവഗണിക്കുകയും ചെയ്യും. നടൻ മധുവിനെതിരെയും ഇങ്ങനെ വ്യാജ മരണവാര്‍ത്ത വന്നു. മധു ചിരിയോടെ അതിനെ തള്ളിക്കളയുകയായിരുന്നു.

മലയാളത്തിലെ ഏറ്റവും പ്രമുഖനായ നടനാണ് മധു. അതുകൊണ്ടുതന്നെ മധുവിനെ കുറിച്ചുള്ള വ്യാജ മരണവാര്‍ത്ത പ്രചരിക്കുകയും ചെയ്‍തു. സംഭവത്തെ കുറിച്ച് അറിയാൻ സീരിയല്‍ താരം മനോജ് വിളിച്ചപ്പോള്‍ സാരമില്ല എന്നായിരുന്നു മധുവിന്റെ മറുപടി. ചെറിയൊരു ചിരിയോടെ മധു പ്രതികരണം അവസാനിപ്പിക്കുകയും ചെയ്‍തു.  അടുത്തിടെ വ്യാജ മരണ വാര്‍ത്തയ്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി രേഖ പൊതു വേദിയില്‍ തന്നെ രംഗത്ത് എത്തിയിരുന്നു. എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപോലെ വ്യാജവാർത്തകൾ വരുന്നത്. അവർ മരിച്ചു പോയി. ഇവർക്ക് ഇങ്ങനെ ആയി... അങ്ങനെ ആയി എന്നൊക്കെ പറഞ്ഞ്- രേഖ പറഞ്ഞിരുന്നു.