പ്രശസ്‍ത സാഹിത്യകാരൻ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപം

നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ (Abrid Shine) തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യരുടെ (Maha Veeryar) റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 21ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രശസ്‍ത സാഹിത്യകാരൻ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപമാണിത്. പോളി ജൂനിയർ പിക്ചേഴ്സിന്‍റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്‍റെ ബാനറിൽ പി എസ് ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഫാന്‍റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്ന ചിത്രവുമാണിത്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, വിജയ് മേനോന്‍, മേജർ രവി, മല്ലിക സുകുമാരൻ, കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, പദ്‍മരാജ് രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്, സംഗീതം ഇഷാന്‍ ചാബ്ര, എഡിറ്റിംഗ് മനോജ്, സൗണ്ട് ഡിസൈന്‍, ഫൈനല്‍ മിക്‌സിംഗ് വിഷ്ണു ശങ്കര്‍, കലാസംവിധാനം അനീഷ് നാടോടി, മേക്കപ്പ് ലിബിൻ, വസ്ത്രാലങ്കാരം ചന്ദ്രകാന്ത് സോനാവെൻ, മെൽവി ജെ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ശ്യാം ലാൽ. കൊവിഡ് മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് വലിയ ബജറ്റില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.

ALSO READ : പരസ്‍പരം സര്‍പ്രൈസ് നല്‍കി ഡോ. റോബിനും അശ്വിനും അപര്‍ണയും- വീഡിയോ