ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതം ചിത്രീകരിക്കുന്ന 'ഛാവ' എന്ന സിനിമയ്‌ക്കെതിരെ മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് രംഗത്തെത്തി.
മുംബൈ: ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതം ഇതിവൃത്തമാക്കി എടുത്ത ഛാവ എന്ന ചിത്രത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി രംഗത്ത്. സിനിമയില്‍ പുറത്തുവന്ന ടീസര്‍ അനുസരിച്ച് നൃത്തം ചെയ്യുന്ന ഒരു രംഗം ഉദ്ധരിച്ച് മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്താണ് ചിത്രത്തിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയത്. ഈ രംഗം നീക്കം ചെയ്യണമെന്നും, ചരിത്രകാരന്മാരെയും പണ്ഡിതന്മാരെയും സിനിമ ആദ്യം കാണിക്കണമെന്നും അവർ എതിർപ്പ് ഉന്നയിച്ചാൽ ഞങ്ങൾ അത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മഡോക്ക് ഫിലിംസ് നിർമ്മിച്ച ഛാ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഈ ചിത്രം 1681-ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.
നേരത്തെ ഛത്രപതി സംഭാജി മഹാരാജിൻ്റെ കഥ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തെ അഭിനന്ദിച്ച് ഉദയ് സാമന്ത് എക്‌സ് പോസ്റ്റ് ചെയ്തിരുന്ന.എന്നാല്‍ ചരിത്രപരമായ കൃത്യത നിലനിർത്തേണ്ടതും മറാത്ത രാജാവിനോടുള്ള ആദരവ് കാണിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു. ഛാവയുടെ നിർമ്മാതാക്കളോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു, എന്തെങ്കിലും കുറ്റകരമായ ഉള്ളടക്കം ഉണ്ടെങ്കില്‍ സിനിമയുടെ റിലീസ് "തടയപ്പെടുമെന്ന്" മുന്നറിയിപ്പ് നൽകുകയും ചെയ്തു.
“ധര്‍മ്മത്തിന്‍റെ രക്ഷകനും സ്വാതന്ത്ര്യത്തിൻ്റെ സംരക്ഷകനുമായ ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഹിന്ദി സിനിമ നിർമ്മിക്കുന്നത് സന്തോഷകരമായ കാര്യമാണ്. ഛത്രപതിയുടെ ചരിത്രം ലോകത്തെ മനസ്സിലാക്കാൻ ഇത്തരം ശ്രമങ്ങൾ ആവശ്യമാണ്.എന്നാൽ ഈ സിനിമയിൽ പ്രതിഷേധാർഹമായ രംഗങ്ങളുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. വിദഗ്ധരെയും അറിവുള്ളവരെയും കാണിക്കാതെ ഈ സിനിമ റിലീസ് ചെയ്യാൻ പാടില്ലെന്നാണ് ഞങ്ങളുടെ നിലപാട്. മഹാരാജിൻ്റെ ബഹുമാനത്തെ ഹനിക്കുന്ന എന്തും വെച്ചുപൊറുപ്പിക്കില്ല, സാമന്ത് എക്‌സിൽ കുറിച്ചു.
സിനിമയുടെ നിർമ്മാതാക്കളും സംവിധായകരും ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കണമെന്നും ആക്ഷേപകരമായ എന്തെങ്കിലും രംഗം ഉണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നുമാണ് ഞങ്ങളുടെ നിലപാട്. സിനിമ കണ്ടതിന് ശേഷം കൂടുതൽ തീരുമാനം എടുക്കും. അല്ലെങ്കിൽ ഈ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ല- മഹാരാഷ്ട്ര മന്ത്രി പറഞ്ഞു. ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
'ഈ റോളോടെ അഭിനയം മതിയാക്കേണ്ടി വന്നാലും സന്തോഷം': പുതിയ വേഷത്തെക്കുറിച്ച് രശ്മിക
ബോളിവുഡിന്റെ രക്ഷകനോ 'ഛാവ' ? വിക്കി കൗശൽ- രശ്മിക മന്ദാന ചിത്രത്തിന്റെ ട്രെയിലർ എത്തി
