ത്രിവിക്രം ശ്രീനിവാസ് ചിത്രത്തില്‍ മഹേഷ് ബാബു വീണ്ടും നായകനാകുന്നു.
ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മഹേഷ് ബാബു (Mahesh Babu) വീണ്ടും നായകനാകുന്നു. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. മഹേഷ് ബാബു ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച സൂചനകള്‍ ലഭ്യമല്ല. വിപുലമായ ചടങ്ങുകളോടെ ചിത്രത്തിന്റെ പൂജ നടന്നിരിക്കുകയാണ്.
ഏപ്രിലില്‍ ആണ് ചിത്രം പൂര്‍ണമായും ഷൂട്ടിംഗ് തുടങ്ങുക. 'അതഡു' എന്ന ചിത്രത്തില്‍ 2005ലാണ് മഹേഷ് ബാബു ത്രിവിക്രമിന്റെ സംവിധാനത്തില്‍ ആദ്യമായി നായകനാകുന്നത്. ആദ്യമായി ഒന്നിച്ച ചിത്രം തന്നെ വൻ ഹിറ്റായിരുന്നു. 'ഖലേജ' എന്ന ആക്ഷൻ കോമഡി ചിത്രത്തിലും ത്രിവിക്രമിന്റെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനായി.
ത്രിവിക്രമിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത് എസ് രാധാകൃഷ്‍ണയാണ്. ഹാരിക ആൻഡ് ഹസ്സിനെ ക്രിയേഷൻസിന്റെ ബാനറിലാണ് നിര്‍മാണം. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയ്‍ക്ക് പുറമേ ആരൊക്കെയാകും അഭിനയിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. ത്രിവിക്രം ശ്രീനിവാസ് ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചിട്ടില്ല.
ത്രിവിക്രം ശ്രീനിവാസാകും ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മഹേഷ് ബാബു ചിത്രം ത്രിവിക്രം വീണ്ടും സംവിധാനം ചെയ്യുമ്പോള്‍ വൻ ഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. മഹേഷ് ബാബുവിന്റെ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
