ജൂറി അംഗങ്ങളിൽ നമുക്ക് ഏറ്റവും താത്പര്യമുള്ള ജൂറി അംഗം ദീപിക പദുക്കോൺ ആണ്. ബോളിവുഡിന്‍റെ താരറാണിമാരിൽ ഒരാൾ, മുഖവുര വേണ്ടാത്ത നടി.
പ്രശസ്തമായ കാൻ ചലച്ചിത്രമേള തുടരുകയാണ്. വിവിധ വിഭാഗങ്ങളിലായി വിവിധ വേദികളിലായി നിരവധി സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നു. വിവിധ കമ്പനികളുടെയും സിനിമകളുടെയും ബ്രാൻഡ് അംബാസിഡർമാരായും മുഖമായുമൊക്കെ ചുവന്ന പരവതാനിയിൽ എത്തുന്ന താരങ്ങളുടെ ചിത്രങ്ങളാൽ സമ്പന്നമാണ് വിനോദലോകത്തെ പ്രസിദ്ധീകരണങ്ങൾ. വിശേഷങ്ങളുടെ രസത്തിനിടയിലും എല്ലാവരുടേയും മനസ്സിൽ ഇടക്കിടെ വരുന്ന ഒരു ചോദ്യമുണ്ട്. ആർക്കാകും പാംഡി ഓർ? (Palme d’Or ). ഒമ്പതംഗ ജൂറി കണ്ട് വിലയിരുത്തുന്നത് പല രാജ്യങ്ങളിൽ നിന്നുള്ള 21 സിനിമകളാണ്.
വിവിധങ്ങളായ നാടുകളിൽ നിന്ന് എത്തുന്ന സിനിമകൾ കണ്ട് വിലയിരുത്തുന്ന ജൂറിയും ദേശവൈവിധ്യത്തിന്‍റെ പ്രതിഫലനമാണ്. ഫ്രാൻസിന്‍റെ സിനിമാ മേൽവിലാസമായ കാൻ മേളയുടെ ജൂറി നേതൃസ്ഥാനത്ത് പതിമൂന്ന് വർഷത്തിന് ശേഷം ഒരു ഫ്രഞ്ചുകാരനാണ്. എഴുപത്തിയഞ്ചാം കാൻ മേളയിലെ പാം ഡി ഓർ വിജയിയെ തീരുമാനിക്കാനുള്ള ജൂറിയെ നയിക്കുന്നത് പ്രശസ്ത നടനും കഴിഞ്ഞ കൊല്ലത്തെ പുരസ്കാരം നേടിയ Titane എന്ന സിനിമയിലെ നായകനുമായ വിൻസെന്‍റ് ലിൻഡൻ ആണ്. 2021ന് മുമ്പും കാൻമേളയിൽ പുരസ്കാരം നേടിയിട്ടുണ്ട് ലിൻഡൻ. 2015ൽ The Measure of a man എന്ന സിനിമയിലൂടെ മികച്ച നടനായി.
ജൂറിയിലെ ഏറ്റവും പ്രശസ്തമായ ഒരു പേര് ഇറാനിയൻ സംവിധായകൻ അഷ്ഗർ ഫർഹാദിയുടേതാണ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ രണ്ടുവട്ടം നേടിയ വളരെ ചുരുക്കം സംവിധായകരിൽ ഒരാളാണ് അദ്ദേഹം. (2011ൽ A Separation , 2016ൽ The Salesman ) സെയിൽസ്മാന് അക്കൊല്ലത്തെ കാൻ മേളയിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം കിട്ടിയിരുന്നു. കഴിഞ്ഞ കൊല്ലം കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയത് ഫർഹാദിയുടെ 'A Hero' ആയിരുന്നു.

ജൂറി അംഗങ്ങളിൽ നമുക്ക് ഏറ്റവും താത്പര്യമുള്ള ജൂറി അംഗം ദീപിക പദുക്കോൺ ആണ്. ബോളിവുഡിന്‍റെ താരറാണിമാരിൽ ഒരാൾ, മുഖവുര വേണ്ടാത്ത നടി. ഇക്കുറി മോഡലിങ് രംഗത്തും വലിയ നേട്ടമുണ്ടാക്കിയിട്ടാണ് ദീപിക കാനിലെത്തിയിരിക്കുന്നത്. അത്യാഡംബര ബ്രാൻഡായ ലൂയി വിട്ടന്‍റെ അംബാസിഡറായിട്ട്.
നടി നൂമി റാപേസ്, സംവിധാനവും കൂടി കൈകാര്യം ചെയ്യുന്ന അഭിനേത്രികളായ റെബേക്ക ഹാൾ, ജാസ്മിൻ ട്രിൻക എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ. നൂമി സ്വീഡനിൽ നിന്നാണ്. റെബേക്ക ഇംഗ്ലണ്ടിൽനിന്ന്. ഇറ്റലിയിൽ നിന്നാണ് ജാസ്മിൻ.ടെലിവിഷന്‍റെ ചെറിയ ചതുരത്തിലും സിനിമാതിരശ്ശീലയുടെ വലിയ കളത്തിലും ഒരു പോലെ നിരവധി
കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് ഈ കലാകാരികൾ. നിരൂപകപ്രശംസയും വാണിജ്യവിജയവും രണ്ടും നേടിയിട്ടുള്ളവർ. നമ്മുടെ വിനോദമേഖലയിൽ നിന്ന് വ്യത്യസ്തമായ ഈ പ്രൊഫഷണൽ രീതി (നമ്മുടെ മുഖ്യധാരാ താരങ്ങൾ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്.) വൈവിധ്യമാർന്ന വേഷങ്ങൾ അഭിനേതാക്കൾക്ക്
ലഭ്യമാക്കുന്നു.

സംവിധായകരായ ലെഡ്ജ് ലി (ഫ്രാൻസ്)യും യാക്വിം ട്രീയറും (നോർവെ) ജെഫ് നിക്കോൾസും (അമേരിക്ക) കൂടിയാകുമ്പോൾ ജൂറി പൂർത്തിയാകുന്നു. നിരൂപകപ്രശംസ ആവോളം നേടിയ സിനിമകളുടെ സൃഷ്ടാക്കളാണ് ഇവർ. 21 സിനിമകൾ കണ്ട് ഇവരെഴുതുന്ന വിധി കാത്ത് സിനിമാലോകം ആകെയുണ്ട്. കാരണം കാനിലെ പുരസ്കാരം ചലച്ചിത്രകാരൻമാർക്ക് ആവേശമാണ്. പ്രോത്സാഹനമാണ്. സ്വപ്നമാണ്.
