മേനേ പ്യാർ കിയ ആണ് ഓണം റിലീസ് ആയി എത്തുന്നത്

ഓണത്തിന് മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകൾ ഏതൊക്കെയാണെന്നു കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂർവ്വവും ഫഹദ് ഫാസിൽ ചിത്രമായ ഓടും കുതിര ചാടും കുതിരയും തീർച്ചയായും ഓണ സമ്മാനങ്ങൾ തന്നെയാണ്. എന്നാൽ ഇത്തവണത്തെ ഓണത്തിന് യുവതാരങ്ങളുടെ സിനിമകളും തിയറ്ററുകളിൽ കൈയ്യടി നേടാൻ എത്തുന്നുണ്ട്. ഹൃദു ഹറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേനേ പ്യാർ കിയ എന്ന ചിത്രമാണ് താരരാജാക്കന്മാരുടെ സിനിമകളോടൊപ്പം തിയറ്ററിൽ എത്തുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വം തീർച്ചയായും ഒരു ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് ടീസറിലൂടെ വ്യക്തമാണ്. അതുപോലെ തന്നെ അഭിനേതാവായി തിളങ്ങികൊണ്ടിരിക്കുന്ന അൽത്താഫ് സലിം ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഓടും കുതിര ചാടും കുതിര എന്ന സിനിമയും തീയറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ ചിത്രങ്ങളുടെ ഒപ്പം തിയേറ്ററിൽ മത്സരിക്കാൻ എത്തുകയാണ് കാൻ പുരസ്കാര ജേതാവും മുറ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനുമായ ഹൃദു ഹറൂൺ നായകനായി എത്തുന്ന മേനെ പ്യാര്‍ കിയ. മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു ത്രില്ലർ സിനിമയായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിയിലെ പ്രകടനത്തിനു കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി ഹൃദു ഹാറൂൺ മലയാളത്തിലേക്ക് പ്രത്യക്ഷപ്പെടുന്നത് ‘മുറ’ എന്ന സിനിമയിലൂടെയാണ്. സന്തോഷ് ശിവന്റെ മുംബൈക്കാർ, ബ്രിന്ദ മാസ്റ്ററുടെ തഗ്‌സ്, ആമസോണിലെ ക്രാഷ് കോഴ്‌സ് തുടങ്ങിയവയിലൂടെ നാഷണൽ ലെവലിൽ ശ്രദ്ധ നേടിയ ഹൃദു മലയാളിയാണെന്ന് പലർക്കും അറിയില്ല. തിരുവനന്തപുരം സ്വദേശിയായ താരത്തിന്റെ മുറയിലെ 'അനന്ദു' എന്ന കഥാപാത്രം തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒടിടിയിൽ ചിത്രം ഹിറ്റ്‌ ആയിരുന്നു. പ്രേക്ഷകരുടെയും വിമർശകരുടെയും മനസ്സിൽ ഹൃദുവിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്. ഓണത്തിന് "മേനേ പ്യാർ കിയ" യിലൂടെ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട യുവതാരം എന്ന പട്ടികയിലേക്ക് ഹൃദു ഹാറൂൺ ഇടം നേടും എന്ന കാര്യത്തിൽ സംശയം ഇല്ല.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News