കാൻസർ രോഗബാധിതയായ രേണു സുധി, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മകൻ ഋതുൽ ദാസിന്റെ പൂർണ്ണാവകാശം തന്റെ മാതാപിതാക്കൾക്കും സഹോദരിക്കും മാത്രമായിരിക്കുമെന്ന് അറിയിച്ചു. അവകാശം തട്ടിയെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന ഭയമാണ് ഈ വെളിപ്പെടുത്തലിന് പിന്നിൽ.

കാൻസർ ബാധിതയായ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ മകനായ ഋതുൽ ദാസിനെ (റിതപ്പൻ) നോക്കേണ്ടത് ആരാണെന്ന് വ്യക്തമാക്കി രേണു സുധി. അച്ഛൻ നേരത്തെ മരണപ്പെട്ടതുകൊണ്ടും, താൻ കാൻസർ രോഗിയായതുകൊണ്ടും താൻ ഉടനെ മരിക്കുമെന്ന് വിധി എഴുതി കുഞ്ഞിന്റെ അവകാശം തട്ടിയെടുക്കാൻ ചിലർ നീക്കം നടത്തുന്നുവെന്നും രേണു പറയുന്നു. റിതപ്പന്റെ അവകാശം തന്റെ മാതാപിതാക്കൾക്കും ചേച്ചിക്കും മാത്രമാണെന്ന് പറഞ്ഞ രേണു സുധി, ഇനി തനിക്ക് 5 കീമോകളുണ്ടെന്നും ഒരു കീമോയ്ക്ക് 2 ലക്ഷത്തിന്റെ മരുന്നാണ് വേണ്ടതെന്നും വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രേണു സുധിയുടെ വാക്കുകൾ ചുവടെ

നിങ്ങളെല്ലാവരും കരുതുമ്പോലെ സാധാരണ കാന്‍സറല്ല എനിക്ക്. കുറച്ച് ഡിഫിക്കല്‍റ്റ് ആണ്. എനിക്കും വീട്ടുകാര്‍ക്കും അതറിയാം. പിക് ലൈന്‍ ഹൃദയത്തില്‍ ആണ് കിടക്കുന്നത്. ഇത്രയും വലിയൊരു മാരക അസുഖത്തെ വച്ച് കള്ളം പറയില്ല. ഇനി എനിക്ക് 5 കീമോ ഉണ്ട്. സർജറിയുണ്ട്. ഓരോ കീമോയ്ക്കും 2 ലക്ഷത്തിന്‍റെ മരുന്ന് എടുക്കണം. എങ്കിലേ ഞാന്‍ തിരിച്ച് വരൂ. എന്‍റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. എനിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ. എന്റെ ആകെയുള്ള വരുമാന മാർഗം യുട്യൂബ് ചാനലാണ്. ഈ പൈസ ഒക്കെ എങ്ങനെയുണ്ടാക്കും എന്നെനിക്ക് അറിയില്ല. അതിന് വേണ്ടിയാണ് യുട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണം. അടുത്ത കീമോ കഴിഞ്ഞാൽ എന്താണ് അവസ്ഥയെന്ന് എനിക്കറിയില്ല. ഒരാഴ്ചത്തേയ്ക്ക് ഡൗൺ ആയിരിക്കും. പക്ഷേ അവിടെ നിന്ന് ഞാൻ തിരിച്ചുവരും.

ഞാന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന കുറച്ചു പേരുണ്ടെന്ന് എനിക്ക് മനസിലായി. അവള്‍ കാന്‍സര്‍ രോഗിയല്ലേ, എങ്ങനെ എങ്കിലും സന്തോഷിക്കട്ടെ എന്നല്ല പറയുന്നത്. അവള്‍ എന്താ മരിക്കാത്തതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍. അവരോടൊന്നും എനിക്ക് ഒന്നും പറയാനില്ല. മനുഷ്യനാണ് ആര്‍ക്ക് വേണോ എന്ത് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഞാനിതില്‍ നിന്നും കയറി വന്നാല്‍ എന്‍റെ കര്‍ത്താവ് എന്നെ രക്ഷിച്ചെടുത്തുവെന്ന് ഞാന്‍ പറയും. മിഷണറിയായിട്ട് പോകാന്‍ പറ്റിയാലും ഞാന്‍ പറയും. എവിടെ പോയാലും ദൈവം എന്നെ വിടുവിച്ചു എന്ന് പറഞ്ഞിട്ടേ തുടങ്ങത്തുള്ളൂ.

ഞാനൊരു നീക്കം അറിഞ്ഞു. അരാണ് എന്താണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. അതെന്നെ വളരെയധികം ദുഃഖത്തിലാഴ്ത്തി. എന്‍റെ റിതപ്പനെ എന്നില്‍ നിന്നും തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ഞാന്‍ അറിഞ്ഞു. അവന്‍റെ അമ്മ ഞാനാണ്. എനിക്ക് ആകെ ഉള്ളത് അവനാണ്. അവനെ എന്നില്‍ നിന്നും അകറ്റാന്‍ നോക്കിയത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ മരിക്കും എന്ന് വിധി എഴുതുന്ന കുറച്ചു പേര് എനിക്ക് ചുറ്റുമുണ്ട്. അവരുമായി കൂടിച്ചേര്‍ന്നാണ് നീക്കങ്ങള്‍. ഞാന്‍ ഉടനെ മരിക്കും. അച്ഛന്‍ മരിച്ച് പോയി. അവകാശം ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞൊരു കൂട്ടര്. അതവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍. കാൻസർ 4TH സ്റ്റേജ് ബാധിതയായ ഞാൻ മരിച്ചാൽ എന്റെ മകൻ റിതുൽ ദാസിന്റെ (റിതപ്പൻ ) പൂർണ അവകാശം തങ്കച്ചൻ പി ജി, കുഞ്ഞുജമ്മ തങ്കച്ചൻ, രമ്യ ലിബു, ലിബു എന്നിവർക്ക് മാത്രം. ഇവരെ മാത്രമെ ഞാന്‍ എന്‍റെ കുഞ്ഞിനെ ഏല്‍പ്പിക്കൂ. വേറെ ആരെയും എനിക്ക് വിശ്വാസം ഇല്ല. പൊതുസമൂഹത്തോട് അക്കാര്യം ഞാന്‍ പറയുകയാണ്. എന്‍റെ കുട്ടിയെ തട്ടിയെടുക്കാന്‍ ചിലർ നോക്കുകയാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming